മോസ്‌കോ (റഷ്യ) :റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം (Moscow Concert Hall shooting). 60 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ 145 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു (Moscow Concert Hall blast Islamic State Group Claims Responsibility).
മോസ്‌കോയുടെ പടിഞ്ഞാറു ഭാഗത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് ഇന്നലെ (മാര്‍ച്ച് 22) ആക്രമണം നടന്നത്. വേദിയിലേക്കെത്തിയ അഞ്ച് അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പ്പിന് പിന്നാലെ രണ്ട് തവണ സ്‌ഫോടനവും നടന്നു. ഇതോടെ ഹാളില്‍ വന്‍ തീപിടിത്തം ഉണ്ടാകുകയായിരുന്നു.
ഹാളില്‍ തീ പടര്‍ന്നതോടെ മേല്‍ക്കൂര ഇടിഞ്ഞു വീണു. കെട്ടിടത്തിലെ തീയണയ്‌ക്കാന്‍ ഹെലികോപ്‌റ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. അക്രമികള്‍ വെടിയുതിര്‍ത്തതോടെ ചിലര്‍ ഹാളിന് പുറത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചിലര്‍ മരിച്ചത്.
സൈനിക യൂണിഫോമിനോട് സമാനമായ വേഷം ധരിച്ചാണ് അക്രമികള്‍ ക്രോക്കസ് സിറ്റി ഹാളിലേക്ക് എത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. അക്രമികളില്‍ ചിലര്‍ ഇതേ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായും സൂചനയുണ്ട്. റഷ്യയില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്.
അതേസമയം, യുക്രെയിനിലെ റഷ്യന്‍ അധിനിവേഷം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണത്തിന് റഷ്യ സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ആക്രമണവുമായി യുക്രെയിന് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം.