കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍. ശ്യാംദാസ് പ്രഭു ആണ് അറസ്റ്റിലായത്. അറസ്റ്റ് വാര്‍ത്ത ഇസ്‌കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ സ്ഥിരീകരിച്ചു. വാറണ്ട് കൂടാതെയാണ് ശ്യാംദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്‌ത് എന്നാണ് സൂചന. ചിറ്റഗോങ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. കൊൽക്കത്തയിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്‌ണ കോൺഷ്യസ്‌നെസിൻ്റെ (ഇസ്‌കോൺ) വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരമൺ ദാസ് പൊലീസ് അറസ്‌റ്റ് ചെയ്‌തതായി അവകാശപ്പെടുന്ന സന്യാസിയുടെ ചിത്രം എക്‌സില്‍ പങ്കുവച്ചു.
'അയാള്‍ ഒരു തീവ്രവാദിയെപ്പോലെയാണോ? ബംഗ്ലാദേശിലെ നിരപരാധികളായ സന്യാസിമാരുടെ അറസ്‌റ്റ് വളരെയധികം ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണ്', എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് അദ്ദേഹം പങ്കുവച്ച മറ്റൊരു എക്‌സ് പോസ്റ്റില്‍ രണ്ട് ഹിന്ദുസന്യാസിമാര്‍ കൂടി പൊലീസ് പിടിയിലായതായി പറയുന്നു. സ്വാമി ചിന്‍മയയ്ക്ക് പ്രസാദവുമായി പോയ ഇസ്‌കോണ്‍ ഭക്തരെ തിരികെ വരും വഴി പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറയുന്നത്. സ്വാമി ചിന്‍മയയുടെ സെക്രട്ടറിയെ കാണാനില്ലെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറയുന്നുണ്ട്. ചിന്‍മയ് ദാസിനെ അറസ്റ്റ് ചെയ്‌ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇസ്‌കോണിന്‍റെ മൂന്ന് സന്യാസിമാരെ അറസ്റ്റ് ചെയ്‌തെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് രാധാരാമന്‍ ദാസിന്‍റെ എക്‌സ് പോസ്റ്റ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, പ്രമുഖ ഹിന്ദു നേതാവ് ചിന്‍മയി കൃഷ്‌ണദാസിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭത്തില്‍ ഒരു അഭിഭാഷകന് ജീവഹാനിയും ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്‌ച നടന്ന ഏറ്റുമുട്ടലിലാണ് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സെയ്‌ഫുല്‍ ഇസ്ലാം എന്ന മുപ്പതുകാരന്‍ കൊല്ലപ്പെട്ടത്. ചിന്‍മയി കൃഷ്‌ണദാസ് ബ്രഹ്മചാരിയുടെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബംഗ്ലാദേശ് സമ്മിലിത സന്‍സ്ഥാനി ജാഗരണ്‍ ജോതെ വക്താവ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൃഷ്‌ണദാസിന് ജാമ്യം നിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ചത്തോഗ്രാമിലെ ആറാം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കൃഷ്‌ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്‌തു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇസ്ലാമിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഇസ്ലാമിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മുപ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അറിയിച്ചു.
കൊലപാതകത്തില്‍ ഇവരുടെ പങ്ക് പരിശോധിച്ച് വരികയാണ്. കസ്റ്റഡിയിലെടുത്തവരെ അറസ്റ്റ് ചെയ്‌ത് പ്രാഥമിക അന്വേഷണത്തിന് ശേഷം വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കും. സംശയിക്കുന്ന കൂടുതല്‍ പേരെ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.