ടെല്‍ അവീവ്: ഇസ്രയേലിനെ വിട്ടൊഴിയാതെ പക്ഷിപ്പനി. ജെസ്രീൽ താഴ്‌വരയിലെ നഹലാലിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. താഴ്‌വരയിലെ അഞ്ച് ഫാമുകളില്‍ 16 ആഴ്‌ച പ്രായമുള്ള ഏകദേശം 24,000 ടർക്കികള്‍ അസാധാരണമായി ചത്തിരുന്നു. ഇതോടെ നടത്തിയ സാമ്പിള്‍ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യസുരക്ഷാ മന്ത്രാലയത്തിന്‍റെ ലബോറട്ടറികളിലായിരുന്നു സാമ്പിളുകൾ എത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സീസണില്‍ വാണിജ്യ ഫാമുകളില്‍ തുടര്‍ച്ചയായി സ്ഥിരീകരിക്കപ്പെട്ട 14-ാമത്തെ പക്ഷിപ്പനി കേസാണിത്. കഴിഞ്ഞ ആഴ്‌ചയും 2024 സെപ്റ്റംബറിലും നഹലാലില്‍ തന്നെ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. രോഗം പടരുന്നത് തടയുന്നതിനായി കര്‍ശന നടപടിയാണ് രാജ്യത്തെ കൃഷി-ഭക്ഷ്യസുരക്ഷാ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
പക്ഷിപ്പനി ചികിത്സ സംബന്ധിച്ച് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (WOAH) ശുപാർശ ചെയ്യുന്ന നടപടിക്രമങ്ങൾക്കനുസൃതമായാണ് നിലവില്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. രോഗബാധിത ഫാമുകള്‍ക്ക് ചുറ്റുമുള്ള 10 കിലോമീറ്റർ പരിധി ക്വാറന്‍റൈൻ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകാന്‍ വിലക്കുണ്ട്.
മന്ത്രാലയത്തിലെ വെറ്ററിനറി സര്‍വീസ് പ്രദേശത്തെ എല്ലാ ഫാമുകളിലും സജീവമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പക്ഷികളെ കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ സൂക്ഷിക്കാനും തുറസായ സ്ഥലങ്ങളിലേക്ക് വിടരുതെന്നും അലങ്കാര പക്ഷികളെ ഉള്‍പ്പെടെ വളര്‍ത്തുന്നവര്‍ക്ക് കൃഷി-ഭക്ഷ്യസുരക്ഷാ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതുവഴി ദേശാടനകാലത്ത് എത്തുന്ന പക്ഷികളിലൂടെ അണുബാധ കൂടുതല്‍ പകരാനുള്ള സാധ്യത കുറയ്ക്കാനാണ് മന്ത്രാലയം ലക്ഷ്യം വയ്‌ക്കുന്നത്.