ഇന്ത്യാന : യുഎസിലെ ഇന്ത്യാന സംസ്ഥാനത്തെ പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥി നീൽ ആചാര്യ മരിച്ചെന്ന് സ്ഥിരീകരിച്ചതായി അധികൃതർ. ജോൺ മാർട്ടിൻസൺ ഹോണേഴ്‌സ് കോളജ് ഓഫ് പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിലും ഡാറ്റാ സയൻസിലും ഡബിൾ മേജറായ ആചാര്യയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. ഇതിനിടെ ടിപ്പെക്കനോ കൗണ്ടി കൊറോണർ ഓഫീസിലേക്ക്, ഒരു മൃതദേഹം കണ്ടതായി അറിയിച്ച് കോള്‍വന്നു. അവിടെയെത്തിയ അധികൃതര്‍ അത് നീല്‍ ആചാര്യയാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഗൗരി ആചാര്യ, ഞായറാഴ്‌ച തന്‍റെ മകനെ കാണാനില്ലെന്ന് കാണിച്ച് എക്‌സില്‍ പോസ്‌റ്റ് ഇട്ടിരുന്നു. "ഞങ്ങളുടെ മകൻ നീൽ ആചാര്യയെ ഇന്നലെ (ജനുവരി 28) മുതൽ കാണാതായി. അവൻ യുഎസിലെ പർഡ്യൂ സർവകലാശാലയിൽ പഠിക്കുന്നു. സർവകലാശാലയിൽ ഇറക്കിയ ഊബർ ഡ്രൈവറാണ് അവനെ അവസാനമായി കണ്ടത്"-ഇങ്ങനെയായിരുന്നു പോസ്‌റ്റ്.
"കോൺസുലേറ്റ് പർഡ്യൂ യൂണിവേഴ്‌സിറ്റി അധികൃതരുമായും നീലിന്‍റെ കുടുംബവുമായും ബന്ധപ്പെട്ടു. സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകും" എന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, എക്‌സില്‍ ഗൗരി ആചാര്യ ഇട്ട പോസ്‌റ്റിന് മറുപടി നൽകിയിരുന്നു.