ടെഹ്‌റാൻ (ഇറാൻ) :അയത്തുള്ള ഖമേനിയുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്‌തതിനെതിരെ വലിയ വിമർശനവുമായി ഇറാൻ രംഗത്ത്. ഇറാനിയൻ പരമോന്നത നേരാവായ അയത്തുള്ള അലി ഖമേനിയുടെ ഇൻസ്‌റ്റാഗ്രാം ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്‌ത മെറ്റയുടെ നീക്കത്തെ "ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ ലംഘനം" എന്ന് പറഞ്ഞാണ് ഇറാൻ വിമർശിച്ചത് (Meta Removed Ayatollah Ali Khameneis Social Media Accounts).
ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും ഇറാനിലെ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമുകളാണ്. എന്നാൽ സർക്കാർ അവയുടെ ഉപയോഗം തടയുമ്പോഴും ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥർക്ക് അവയിൽ അക്കൗണ്ടുകളുണ്ട്. കഴിഞ്ഞ മാസമാണ് മെറ്റ അയത്തുള്ള ഖമേനിയുടെ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്‌തതായി അറിയിച്ചത്.
ഫേസ്ബുക്കിന്‍റെ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് അയത്തുള്ള ഖമേനി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അപകടകരമായ ആശയങ്ങളും വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചതിന്‍റെ പേരിലാണ് അക്കൗണ്ടുകൾ നീക്കം ചെയ്‌തതെന്ന് മെറ്റ അറിയിച്ചിരുന്നു. മെറ്റയുടെ ഈ പ്രവർത്തി ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനം മാത്രമല്ല, അദ്ദേഹത്തിന്‍റെ നിലപാടുകളും ആശയങ്ങളും പിന്തുടരുന്ന ജനങ്ങളോട് കാണിച്ച അവഹേളനം കൂടെയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്‌ദുള്ളാഹിയൻ പറഞ്ഞു.
84 വയസുള്ള അയത്തുള്ള അലി ഖമേനി 1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവാണ്, അദ്ദേഹത്തെ ഇൻസ്‌റ്റഗ്രാമിൽ 5 ലക്ഷം ആളുകൾ പിന്തുടരുന്നുണ്ട്. 2023 ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തെത്തുടർന്ന് 1,200 ത്തോളം പേരെ കൊന്നൊടുക്കുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്‌തതിനെത്തുടർന്ന് ഫലസ്‌തീനിയൻ സംഘടനയായ ഹമാസിന് അയത്തുള്ള ഖമേനി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഫെബ്രുവരി 8-ന് മെറ്റ അദ്ദേഹത്തിന്‍റെ അക്കൗണ്ടുകൾ നീക്കം ചെയ്‌തത്.
Also read : ഇറാനില്‍ വധശിക്ഷകള്‍ വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്