കേരളം

kerala

ETV Bharat / international

ബംഗ്ലാദേശ് സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം; ഔദ്യോഗിക രേഖകള്‍ കത്തി നശിച്ചു - FIRE BANGLADESH SECRETARIAT

തീപിടിച്ചത് ഏഴ് മന്ത്രാലയങ്ങളുള്ള അതീവ സുരക്ഷ സമുച്ചയത്തിൽ

MASSIVE FIRE  Documents Damaged  FIRE ACCIDENT IN BANGLADESH  Sheikh Hasina
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 26, 2024, 8:15 PM IST

ധാക്ക: ബംഗ്ലാദേശിലെ സെക്രട്ടറിയേറ്റിന്‍റെ പ്രധാന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അതീവ സുരക്ഷ സമുച്ചയത്തിൽ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. നിരവധി ഔദ്യോഗിക രേഖകള്‍ കത്തി നശിച്ചു. അട്ടിമറി ശ്രമമാണോയെന്ന് സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു.

ബംഗ്ലാദേശ് സെക്രട്ടറിയേറ്റിലെ ഏഴാം നമ്പര്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഏഴ് മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് നില കെട്ടിടമാണിത്. ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണയ്ക്കാനായി. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കെട്ടിടത്തിന്‍റെ മൂന്ന് ഇടങ്ങളില്‍ നിന്ന് തീപടര്‍ന്നു. അര്‍ദ്ധരാത്രിക്ക് ശേഷമാണ് തീപടര്‍ന്നത്. ഇതൊരു അപകടമല്ലെന്ന് തീയണയ്ക്കാന്‍ നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ ജനറല്‍ സഹെദ് കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് വൈദ്യുത ബന്ധം താറുമാറായതോടെ പല മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ജീവനക്കാരടക്കമുള്ളവര്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും ചെയ്‌തു.

ഏഴാം നമ്പര്‍ കെട്ടിടത്തിലെ ആറ്, ഏഴ്, എട്ട് നിലകളിലെ മിക്ക മുറികളും കത്തി നശിച്ചിട്ടുണ്ട്. നിരവധി രേഖകളും ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. പ്രാദേശിക-പോസ്റ്റ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയങ്ങളുടെ രേഖകളാണ് കൂടുതലും കത്തി നശിച്ചത്.

തീയണയ്ക്കാന്‍ ഉപയോഗിച്ച വെള്ളത്തില്‍പ്പെട്ടും ചില രേഖകള്‍ക്ക് കേടുപാടുകളുണ്ടായി. കെട്ടിടത്തില്‍ പലയിടത്തും തീപിടിത്തത്തില്‍ അകപെട്ട പ്രാവുകള്‍ ചത്ത് കിടക്കുന്നുണ്ടായിരുന്നു. ജനാലകള്‍ തകര്‍ന്നിട്ടുണ്ടെന്നും കെട്ടിടം സന്ദര്‍ശിച്ച ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗൂഢാലോചനക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നില്ലെന്നാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാര ഭ്രഷ്‌ടരാക്കിയ ആന്‍റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്‍റ്സ് പ്രസ്ഥാനത്തിന്‍റെ നേതാക്കളിലൊരാളായ ആസിഫ് മുഹമ്മദ് സജീബ് ഭുയാന്‍ പ്രതികരിച്ചത്. കത്തി നശിച്ച രേഖകളില്‍ പുറത്താക്കപ്പെട്ട അവാമി ലീഗ് ഭരണകൂടത്തിന്‍റെ കാലത്ത് നടന്ന ലക്ഷക്കണക്കിന് ഡോളര്‍ അഴിമതികളുടെ തെളിവുകളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷേ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ സമിതി രൂപീകരിച്ചു. സമിതിയില്‍ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അഗ്നിശമന-പൊലീസ് സേനാംഗങ്ങളുമുണ്ട്. അഡീഷണല്‍ സെക്രട്ടറി (ഡിസ്‌ട്രിക്‌ട് ആന്‍ഡ് ഫീല്‍ഡ് അഡ്‌മിനിസ്ട്രേഷന്‍) മുഹമ്മദ് ഖലീദ് റഹീം അധ്യക്ഷനായ സമിതിയോട് ഏഴ് പ്രവൃത്തി ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തീപിടിത്തത്തിന്‍റെ കാരണവും ഉറവിടവും കണ്ടുപിടിക്കാനാണ് പ്രധാനമായും സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ശുപാര്‍ശകളും നിര്‍ദ്ദേശിക്കണമെന്ന് മന്ത്രിസഭയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

Also Read:കൊല്‍ക്കത്തയിലെ ചേരിയിലെ തീപിടിത്തം; കത്തി ചാമ്പലായത് രണ്ട് വിവാഹ സ്വപ്‌നങ്ങള്‍

ABOUT THE AUTHOR

...view details