വാഷിങ്ടണ്‍ : ഗാസ മുനമ്പിലെ പട്ടിണിയെ കുറിച്ചുള്ള യുഎസ് ഏജൻസിയുടെ റിപ്പോര്‍ട്ട് പിൻവലിച്ചതില്‍ ജോ ബൈഡൻ ഭരണകൂടത്തിനെതിരെ വിമര്‍ശനം. ആഗോളതലത്തിലെ ഭക്ഷ്യ പ്രതിസന്ധികളെ കുറിച്ച് വിശകലനം ചെയ്‌ത് വിവരങ്ങള്‍ പുറത്തുവിടുന്ന ഫെമൈൻ ഏർലി വാണിങ് സിസ്റ്റംസ് നെറ്റ്‌വർക്കിൻ്റെ (FEWS NET) റിപ്പോർട്ടാണ് പിൻവലിച്ചത്. ഇസ്രയേല്‍ അനുകൂല പക്ഷപാതത്തെയും രാഷ്‌ട്രീയ ഇടപെടലുകളെയും തുടര്‍ന്നാണ് യുഎസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പിൻവലിച്ചതെന്നാണ് ഉയരുന്ന ആരോപണം.
ഏകദേശം 80 ദിവസത്തോളമായി വടക്കൻ ഗാസയിലെ ഉപരോധിക്കപ്പെട്ട പ്രദേശങ്ങളിലേക്കുള്ള മാനുഷികവും വാണിജ്യപരവുമായ ഭക്ഷ്യ വിതരണങ്ങൾ ഇസ്രയേല്‍ പൂര്‍ണമായും തടഞ്ഞിരിക്കുകയാണെന്നാണ് ഡിസംബര്‍ 23ന് FEWS NET വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്ന ജബലിയ, ബൈത് ലാഹിയ, ബൈത് ഹാനൂന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഭക്ഷ്യ വിതരണമാണ് ഇസ്രയേല്‍ തടഞ്ഞിരുന്നത്. ഈ പ്രദേശങ്ങളില്‍ വെള്ളം, ശുചിത്വം, ആരോഗ്യ സേവനങ്ങൾ എന്നിവയുടെ ലഭ്യത മോശമാകുന്നതിൻ്റെ അടിസ്ഥാനത്തില്‍ കടുത്ത ക്ഷാമം ഉണ്ടാകാനാണ് സാധ്യത.
മേഖലയിലേക്കുള്ള ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട ഇസ്രയേലി നയത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ പ്രതിദിനം രണ്ട് മുതല്‍ 15 പേര്‍ക്ക് വരെ ജീവൻ നഷ്‌ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇസ്രയേലിലെ യുഎസ് അംബാസഡര്‍ ജേക്കബ് ലൂ വിമര്‍ശനവുമായി രംഗത്തെത്തി. FEWS NET റിപ്പോര്‍ട്ട് നിരുത്തരവാദപരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വടക്കൻ ഗാസയിലെ അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഏജൻസി പരാജയപ്പെട്ടുവെന്നും വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിന് പിന്നാലെ FEWS NET -ന് സാമ്പത്തിക സഹായം ചെയ്യുന്ന യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് (USAID) ഇടപെട്ട് റിപ്പോര്‍ട്ട് പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്‍ട്ട് പിൻവലിച്ചത് ഏജൻസിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തിയ ശേഷം ജനുവരിയില്‍ റിപ്പോര്‍ട്ട് വീണ്ടും പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും FEWS NET അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് അറിയിച്ചു.
അതേസമയം, യുഎസ് അംബാസഡറുടെ പരാമര്‍ശത്തെ അപലപിച്ച് പലസ്‌തീൻ അവകാശ വക്താക്കള്‍ രംഗത്തെത്തിയിരുന്നു. ഗാസയില്‍ നിന്നും പലസ്‌തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ സ്വാഗതം ചെയ്‌ത വ്യക്തിയാണ് ജേക്കബ് ലൂവെന്ന് ഇവര്‍ ആരോപിച്ചു. ബൈഡൻ ഭരണകൂടത്തിൻ്റെ ഉദ്യോഗസ്ഥർ ഇസ്രയേലിൻ്റെ വ്യക്തവും തുറന്നതുമായ വംശഹത്യ പ്രചാരണത്തെ പിന്തുണയ്ക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ഇതെന്നും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് പ്രസ്‌താവനയിലൂടെ പറഞ്ഞു.
Also Read : ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്