മാലി :ഇന്ത്യ വിരുദ്ധ നിലപാട് ഉപേക്ഷിച്ച് ഇന്ത്യയുമായി ചർച്ച നടത്താൻ മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനോട് ഉപദേശിച്ച് മുൻ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. മാലദ്വീപ് പ്രസിഡന്‍റ് ദുർവാശി നിർത്തുകയും സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ അയൽക്കാരുമായി ചർച്ച നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപ് സമൂഹത്തിന് ഇന്ത്യ കടാശ്വാസം നൽകണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് സോലിഹിന്‍റെ പരാമർശം (Stop Being 'Stubborn' And Mend Fences With Neighbours: Ex-Maldives President Solih Tells Muizzu ).
മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) പാർലമെന്‍റ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതിനായി മാലിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സോലിഹ് തന്‍റെ പ്രതികരണമറിയിച്ചത്. കടം പുനഃക്രമീകരിക്കുന്നതിന് ഇന്ത്യയുമായി സംസാരിക്കാൻ മുയിസു ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ താൻ കണ്ടതായി സോലിഹ് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 62 കാരനായ സോലിഹിനെ പരാജയപ്പെടുത്തിയാണ് 45 കാരനായ മുയിസു അധികാരത്തിലെത്തിയത്. ഇന്ത്യയുമായി മാലദ്വീപിന് 8 ബില്യൺ മാലദ്വീപ് റുഫിയയുടെ കടമാണുളളത്. എന്നാൽ ഇന്ത്യയെ അപേക്ഷിച്ച് ചൈനയ്ക്ക് 18 ബില്യൺ മാലദ്വീപ് റുഫിയയുടെ കടമുണ്ട്. ഇതിന്‍റെ തിരിച്ചടവ് കാലയളവ് 25 വർഷമാണെന്നും സോലിഹ് പറഞ്ഞു.
ALSO READ:മാലദ്വീപിന് ഇന്ത്യയില്‍ നെഗറ്റീവ് പബ്ലിസിറ്റി; മുൻ മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദി
എന്തൊക്കയായാലും നമ്മുടെ അയൽക്കാർ സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. നമ്മൾ പിടിവാശി നിർത്തി സംസാരിക്കാൻ തുടങ്ങണം. തങ്ങളെ സഹായിക്കാൻ നിരവധി പാർട്ടികളുണ്ട്. പക്ഷേ വിട്ടുവീഴ്‌ച ചെയ്യാൻ മുയിസു ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ മാത്രമാണ് സർക്കാർ സാഹചര്യം മനസിലാക്കാൻ തുടങ്ങിയതെന്ന് തനിക്ക് തോന്നുന്നെന്നും സോലിഹ് വ്യക്തമാക്കി.
സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എംഡിപി (Maldivian Democratic Party) സർക്കാർ ആരംഭിച്ച പദ്ധതികൾ പുനരാരംഭിക്കുകയാണെന്നും മുൻ പ്രസിഡന്‍റ് പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനുശേഷവും ഇന്ത്യയെ മുയിസു വിമർശിച്ചിരുന്നു.
നവംബറിൽ അദ്ദേഹം അധികാരമേറ്റതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. മാലദ്വീപിലെ മൂന്ന് ഏവിയേഷൻ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്ന 88 ഇന്ത്യൻ സൈനികർ മെയ് 10നകം ദ്വീപിൽ തുടരാൻ പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനോടകം 26 ഇന്ത്യൻ സൈനികരുടെ ആദ്യ ബാച്ച് ദ്വീപ് രാഷ്ട്രം വിട്ടുപോയിട്ടുണ്ട്.
ഏപ്രിൽ 21ന് നടക്കാനിരിക്കുന്ന മാലദ്വീപിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുയിസുവിൻ്റെ ഇന്ത്യയോടുള്ള അനുരഞ്ജനപരമായ അഭിപ്രായപ്രകടനം. പുതിയ സർക്കാർ അധികാരമേറ്റ് നാല് മാസമായെങ്കിലും അദ്ദേഹം ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ല.
മാലദ്വീപ് പ്രസിഡന്‍റുമാരുടെ ആദ്യ വിദേശയാത്ര എപ്പോഴും ഇന്ത്യയിലേക്കായിരുന്നു എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ജനുവരിയിൽ മുയിസു തൻ്റെ ആദ്യ സന്ദർശനം നടത്തിയത് ചൈനയിലേക്കായിരുന്നു.