കോഴിക്കോട്: കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷയായി മുക്കം അഗ്നി രക്ഷാസേന.
പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്‌ണയുടെ (14) ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിൻ്റെ ഫ്ലൈ വീൽ ഗിയറുകൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങിയത്.
ഇന്ന് (നവംബർ 28) രാവിലെ പത്ത് മണിയോടെയാണ് അപകടം. കൊടുവള്ളി മാനിപുരം പാലത്തിന് സമീപം പ്രവർത്തിച്ചുവരുന്ന കരിമ്പ് ജ്യൂസ് കടയിലെ യന്ത്രത്തിലാണ് കുട്ടിയുടെ ഇടതുകൈ കുടുങ്ങിയത്. ജ്യൂസ് നിർമിക്കുന്നതിന് വേണ്ടി കരിമ്പ്, യന്ത്രത്തിലേക്ക് കടത്തുന്ന സമയം പെട്ടെന്ന് ഗിയറുകൾക്കുള്ളിൽ കൈ കടന്നു പോവുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ആൾ യന്ത്രത്തിൻ്റെ പ്രവർത്തനം നിർത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടർന്ന് മുക്കം അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയും ഉടൻ തന്നെ ഫയർ യൂണിറ്റ് അംഗങ്ങൾ ഓമശ്ശേരിയിൽ എത്തുകയുമായിരുന്നു. ഹൈഡ്രോളിക് കോമ്പിനേഷൻ ടൂൾ, ആങ്കിൾ ഗ്രൈൻഡർ എന്നിവ ഉപയോഗിച്ച് യന്ത്ര ഭാഗം കട്ട് ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ കുട്ടിയുടെ കൈ ജ്യൂസ് യന്ത്രത്തിൽ നിന്നും പുറത്തെടുത്തു. കൈയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുക്കം ഫയർ യൂണിറ്റിലെ അസിസ്റ്റൻ്റ് ഓഫ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് പി അബ്‌ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ പിടി അനീഷ്, എം നിസാമുദ്ദീൻ, പി നിയാസ്, കെ അഭിനേഷ്, കെഎസ് ശരത് കുമാർ, എൻ സിനീഷ്, പികെ രാജൻ, സിഎഫ് ജോഷി എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.