നീലഗിരി മലകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന മനോഹരിയായ ജില്ലയാണ് പാലക്കാട്. മഴക്കാലം മാന്ത്രികത സൃഷ്‌ടിക്കുമ്പോഴാണ് പാലക്കാടിന് മൊഞ്ച് ഏറിവരിക. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പാലക്കാട് നിരവധി മലകളും കുന്നുകളും മനോഹരമായി പരന്നൊഴുകുന്ന പുഴകളും അരുവികളും കാണാനാകും.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_silent-valley-2.jpg)
ഒവി വിജയന്‍റെ വിഖ്യത നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം വായിച്ച് അതില്‍ ആകൃഷ്‌ടരായി എത്തുന്ന സാഹിത്യ പ്രേമികള്‍ ഒരു തീര്‍ഥാടനത്തിലേക്കെന്ന പോലെ എത്തുന്ന പ്രദേശമാണ് പാലക്കാട് നഗരത്തിനടുത്തുള്ള തസ്രാക്ക്. തണുപ്പും ചൂടും സമാസമം ചേര്‍ത്ത കാലാവസ്ഥ. വരണ്ട കാറ്റ് വീശുമ്പോള്‍ കരിമ്പനകള്‍ മീട്ടുന്ന ഈണം. ഭാരതപ്പുഴയും കുന്തിപ്പുഴയും കണ്ണാടിപ്പുഴയും കല്‍പ്പാത്തിപ്പുഴയും തൂതപ്പുഴയും ഗായത്രിയും സിരുവാണിയും ഭവാനിപ്പുഴയും പരന്നൊഴുകുന്ന പാലക്കാട്. വേലയും പൂരവും കുമ്മാട്ടിയും രഥോത്സവങ്ങളും പള്ളി നേര്‍ച്ചകളുമൊക്കെ ജാതിമത ഭേദമില്ലാതെ കൊണ്ടാടുന്ന പച്ച മനുഷ്യന്മാരുടെ നാട്. ഒരു കാലത്തെ കേരളത്തിന്‍റെ നെല്ലറ.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_palakkad-fields.jpg)
ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള അനവധിയിടങ്ങള്‍ ഇവിടെയുണ്ട്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍ പാടങ്ങളും അതിനെല്ലാം ഇടയില്‍ മാനം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന കരിമ്പനകളും ഈ ജില്ലയുടെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയൊരുക്കിയ അത്ഭുതങ്ങളും പുരാതന വാസ്‌തുവിദ്യകളും ഏവരെയും ആകര്‍ഷിക്കുന്ന പാലക്കാട് വേറെയുമുണ്ട് സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍. അവ ഏതെല്ലാമാണെന്നും അവയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും വിശദമായി നോക്കാം.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_silent-valley.jpg)
സൈലന്‍റ്‌വാലി/ നിശബ്‌ദ താഴ്‌വര: പാലക്കാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള നീലഗിരി കുന്നുകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം... അതാണ് സൈലന്‍റ് വാലി അഥവാ നിശബ്‌ദ താഴ്‌വര. സാധാരണ വനങ്ങളെ ശബ്‌ദമുഖരിതമാക്കുന്ന ചീവിടുകളെ ഇവിടെ കാണാനാകില്ലെന്ന് മാത്രമല്ല അതിന്‍റെ ശബ്‌ദം ഒരല്‍പം പോലും ഈ വനത്തില്‍ നിന്നും കേള്‍ക്കാനും സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഈ വനത്തിന് സൈലന്‍റ് വാലിയെന്ന് പേര് വന്നത്.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_silent-valley-1.jpg)
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉത്‌ഭവ സ്ഥാനം വനത്തില്‍ നിന്നാണ്. 1984ലാണ് സൈലന്‍റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യോനമായി പ്രഖ്യാപിച്ചത്. പാലക്കാട് സന്ദര്‍ശിക്കാനെത്തുന്നവരാണെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് സൈലന്‍റ് വാലി. ആനകള്‍, കടുവകള്‍, സിംഹവാലന്‍ കുരങ്ങുകള്‍, മലയണ്ണാന്‍, പുള്ളിപ്പുലി, പാമ്പുകള്‍, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ കാടുകളിലുണ്ട്. മാത്രമല്ല വിവിധ തരം പക്ഷികള്‍, ചിത്രശലഭങ്ങള്‍, ചെറുപ്രാണികള്‍ എന്നിവയും സൈലന്‍റ് വാലിയുടെ മറ്റൊരു പ്രത്യേകതയാണ്.
നിശാശലഭങ്ങളുടെ 400ഓളം വെറൈറ്റികളും ചിത്രശലഭങ്ങളുടെ 200 വെറൈറ്റികളും ഈ വനത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീവികള്‍ മാത്രമല്ല മരങ്ങളും കാടിനുള്ളില്‍ വളര്‍ന്ന് നില്‍ക്കുന്ന ചെടികളുമെല്ലാം സാധാരണ വനത്തില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ്. ആയിരത്തിലധികം പുഷ്‌പിത സസ്യങ്ങള്‍ ഈ കാടിനുള്ളില്‍ ഉണ്ട്. മാത്രമല്ല 110ലേറെ ഇനം ഓര്‍ക്കിഡുകളും വനത്തില്‍ കാണാനാകും. സാധാരണ ഉഷ്‌ണ മേഖലകളില്‍ കാണാപ്പെടാറുള്ള ജന്തുജാലങ്ങളും വൃക്ഷങ്ങളും സൈലന്‍റ് വാലിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മലമ്പുഴ അണക്കെട്ട്: സമൃദ്ധമായ വെള്ളം നിറഞ്ഞൊഴുകുന്ന കല്‍പ്പാത്തി പുഴയുടെ കൈവഴിയായ മലമ്പുഴ... പുഴയെ ചുറ്റി കിടക്കുന്ന പര്‍വ്വതം... പുഴയ്‌ക്ക് കുറുകെ വളരെ കാലങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച വലിയൊരു അണക്കെട്ട്. ആധുനിക എഞ്ചിനീയറിങ് വൈദഗ്‌ധ്യങ്ങള്‍ വെല്ലുന്ന ഗംഭീര ഘടന. കണ്ടാല്‍ ആരുമൊന്ന് നോക്കി പോകുന്ന തരത്തിലുള്ള ആകര്‍ഷണീയത.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_malampuzha-dam.jpg)
പുഴയില്‍ വെള്ളം സമൃദ്ധമാകുന്ന കാലത്ത് ഉയരത്തിലുള്ള ഡാമിന്‍റെ ഷട്ടറുകളില്‍ നിന്നും ആര്‍ത്തലച്ചെത്തുന്ന വെള്ളം. ഡാമില്‍ നിന്നും ഒലിച്ചിറങ്ങി ചിതറി തെറിച്ച് പരന്നൊഴുകുന്ന വെള്ളത്തിന് മുകളില്‍ കാഴ്‌ചകള്‍ ആസ്വദിക്കാനും അല്‍പം സാഹസികതയ്‌ക്കുമായൊരു തൂക്കുപാലം. പാലത്തിലൂടെ നടന്ന് നീങ്ങുമ്പോഴുണ്ടാകുന്ന അതിന്‍റെ ഇളക്കം ഏതൊരാളുടെയും മനസിനെ ചെറുതായൊന്ന് ഭയപ്പെടുത്തും.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_malambuzha-dam.jpg)
ഇനിയിപ്പോ ഡാമില്‍ നിന്നും ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ ബോട്ട് യാത്ര വേണമെങ്കില്‍ അതുമാകാം. സ്വന്തമായി നിയന്ത്രിച്ച് പോകാനാകുന്ന പെഡല്‍ ബോട്ടും വെള്ളത്തെ ചീറ്റിതെറിച്ച് വേഗത്തില്‍ പോകാനാകുന്ന സ്‌പീഡ് ബോട്ട് സര്‍വീസും ഇവിടെയുണ്ട്. പുഴയുടെ ഓളപരപ്പിലൂടെ ബോട്ടില്‍ കറങ്ങണമെങ്കില്‍ വേറെ ടിക്കറ്റെടുക്കണം. അണക്കെട്ട് മാത്രമല്ല ഇവിടെ ഒരുക്കിയിട്ടുള്ള പൂന്തോട്ടവും ഏതൊരാളുടെയും മനസില്‍ തൊടും. വിവിധ വര്‍ണങ്ങളില്‍ അവയങ്ങനെ പൂത്ത് വിടര്‍ന്ന് നില്‍ക്കുന്നു.
പൂക്കളിലെ മധു തേടിയെത്തുന്ന വിവിധ വര്‍ണങ്ങളിലുള്ള പൂമ്പാറ്റകളും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. പൂന്തോട്ടത്തിന്‍റെ ഒത്ത നടുക്കായി ഭയാനകമായ വലിയൊരു യക്ഷിയുടെ പ്രതിമയും കാണാം. പ്രശസ്‌ത ശില്‍പിയായ കാനായി കുഞ്ഞിരാമന്‍ സ്ഥാപിച്ചതാണീ പെണ്‍ വാമ്പയറിന്‍റെ പ്രതിമ. പൂര്‍ണമായും കല്ലില്‍ കൊത്തിയിട്ടുള്ള ഈ പ്രതിമ കൊച്ചു കുട്ടികളെ തീര്‍ച്ചയായും ഭയപ്പെടുത്തും.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_malampuzha-yakshi.jpg)
കാഴ്‌ചകള്‍ മാത്രമല്ല സാഹസികതയും: മലമ്പുഴയില്‍ അണക്കെട്ടിന്‍റെയും പൂന്തോട്ടങ്ങളുടെയും ഭംഗി മാത്രമല്ല അതിനൊപ്പം അല്‍പം സാഹസികത കൂടിയാകാം. ഡാമിന്‍റെയും സമീപ പ്രദേശങ്ങളുടെയുമെല്ലാം ഭംഗി മുകളില്‍ നിന്നും ആസ്വദിക്കാനാകുന്ന റോപ്പ് വേയും ഇവിടെയുണ്ട്. അണക്കെട്ടിലെയും പരിസരങ്ങളിലും കാഴ്‌ചകളെല്ലാം കണ്ട് ഏറ്റവും അവസാനമാകാം റോപ്പ് വേയില്‍ കയറ്റം. അതായിരിക്കും ഏറെ രസകരം. റോപ്പ് വേ മാത്രമല്ല കൊച്ചു കുട്ടികള്‍ക്ക് കളിക്കാനായി ഒരു പാര്‍ക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ റൈഡുകള്‍ ഈ പാര്‍ക്കിലുണ്ട്.
അണക്കെട്ട് സന്ദര്‍ശിച്ച് പുറത്തിറങ്ങിയാല്‍ തൊട്ടടുത്ത് തന്നെ കാണേണ്ട മറ്റൊരു കാഴ്‌ചയുണ്ട്. അത് മറ്റൊന്നുമല്ല സ്‌നേക്ക് പാര്‍ക്കാണ്. പെരുമ്പാമ്പുകള്‍ അടക്കം നിരവധി പാമ്പുകളാണ് ഇവിടെയുള്ളത്. വലിയ മരങ്ങളിലെല്ലാം പെരുമ്പാമ്പുകള്‍ കെട്ടി പിണഞ്ഞ് കിടക്കുന്നത് വലിയൊരു കാഴ്‌ച തന്നെയാണ്. വലിയ ചില്ല് കൂട്ടില്‍ എസിയുടെ കുളിരില്‍ കഴിയുന്ന രാജവെമ്പാല അടക്കം ഇവിടുത്തെ പ്രധാന കാഴ്‌ചകളിലൊന്നാണ്. സ്‌നേക്ക് പാര്‍ക്കിലെ കാഴ്‌ചകള്‍ കൂടി കണ്ടിട്ട് മാത്രം മലമ്പുഴ വിട്ടാല്‍ മതി.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_kava-palakkad.jpg)
കവാ ഐലന്‍ഡ്: മലമ്പുഴ ഉദ്യാനത്തിനും അണക്കെട്ടിനും ഏറെ അടുത്ത ഐലന്‍ഡ് അതാണ് കവാ. മഴക്കാലത്താണ് കവ ഏറെ സുന്ദരിയാകാറുള്ളത്. പച്ചപ്പാര്‍ന്ന വിശാലമായ പ്രദേശം. അവിടെ അങ്ങിങ്ങായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍. ഇവയെ സംരക്ഷിച്ച് നില്‍ക്കും പോലെ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകള്‍. വെള്ളക്കെട്ടും പച്ചപ്പും മലനിരകളും ഒക്കെയായി അടിപൊളി വൈബായൊരിടം. അതാണ് മലമ്പുഴ ഡാമിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കവാ ഐലന്‍ഡ്. പ്രകൃതി ഏറെ ഭംഗി പകര്‍ന്നിട്ടുള്ള ഈയിടമാകാട്ടെ നിരവധി മലയാളം, തമിഴ് ചിത്രങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. മഴക്കാലത്താണ് കവയ്‌ക്ക് ഭംഗിയേറുകയെങ്കിലും വേനല്‍ കാലത്ത് ചൂടുള്ള പാലക്കാടന്‍ കാറ്റ് വീശുമ്പോള്‍ ഇവിടെ വന്നിരുന്നാല്‍ ഏറെ ആശ്വാസമായിരിക്കും. പാലക്കാടന്‍ യാത്രയില്‍ ഒരിക്കലും ഈയൊരിടം വിടാതെ കാണേണ്ടതാണ്. അത്രയേറെയുണ്ട് ഇവിടുത്തെ ആ പ്രകൃതി ഭംഗി.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_kava-island.jpg)
ഇനിയൊരല്‍പ്പം ചരിത്രമാകാം: പാലക്കാട്ടെ പ്രകൃതി ഭംഗിയെ കുറിച്ചാണ് ഇത്രയും പറഞ്ഞത്. എന്നാലിനി അല്‍പം ചരിത്രങ്ങളിലേക്ക് കടക്കാം. അതാകട്ടെ പാലക്കാട് ഭരിച്ച ടിപ്പു സുല്‍ത്താനെ കുറിച്ച് തന്നെയാകാം. ഇപ്പോള്‍ തന്നെ ഏകദേശം ഏത് സ്ഥലത്തെ കുറിച്ചാണ് പറയാന്‍ പോകുന്നതെന്ന് മനസിലായിട്ടുണ്ടാകുമല്ലോ? അതെ നിങ്ങളിപ്പോള്‍ മനസില്‍ ഓര്‍ത്ത ടിപ്പു സുല്‍ത്താന്‍ കോട്ട. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു സൈനിക താവളമാണിത്. വളരെ കാലങ്ങള്‍ക്ക് ശേഷവും കേരളത്തില്‍ ഏറെ സംരക്ഷിക്കപ്പെടുന്ന കോട്ടയാണിത്. പാലക്കാട്ടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണീ കോട്ട.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_tippu-fort-palakkad.jpg)
ചുറ്റും കിടങ്ങുകളുള്ള ഈ കോട്ടയിലേക്ക് പ്രവേശിക്കുക ഒരു ആധുനിക പാലത്തിലൂടെയാണ്. ഇതിലൂടെ ചെന്ന് അകത്തെത്തി കഴിഞ്ഞാല്‍ എല്‍ ആകൃതിയിലുള്ള ഒരു മതില്‍ കാണാനാകും. കോട്ടയ്‌ക്കകത്തെ ഓരോ വാതിലുകള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്നതിനായി മുന്‍കരുതലുകള്‍ എടുത്തതായും കാണാനാകും. എന്നാല്‍ കോട്ടയിലെ പഴയ വാതിലിന് പകരം ഇപ്പോള്‍ മരം കൊണ്ടുള്ള വാതില്‍ നിര്‍മിച്ചിരിക്കുന്നത് കാണാം. ആദ്യ കവാടം കഴിഞ്ഞ് അല്‍പം മുന്നോട്ട് പോയാല്‍ രണ്ടാമത്തെ കവാടം കാണാം. അതിലൂടെ പ്രവേശിച്ചാല്‍ അവിടെ അന്നത്തെ ജയിലിലേക്കുള്ള ഒരു ഇടനാഴിയും കാണാനാകും. പുരാതന രൂപങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കോട്ടയുടെ ഓരോ ഭാഗങ്ങളും കൗതുകം തന്നെയാണ്.
കോട്ടയ്‌ക്കുള്ളിലെ പുരാതന കല്‍പ്പടവുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. വളരെ ചരിത്ര പ്രസിദ്ധമായ കോട്ടയും പാലക്കാട് സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാക്കാനാകാത്ത ഒന്നാണ്. പാലക്കാട് സിവില്‍ സ്‌റ്റേഷന് എതിര്‍വശമാണ് ഈ കോട്ടയുള്ളത്. പാലക്കാട്ടെ ബസ് സ്‌റ്റാന്‍റില്‍ നിന്നും ബസ് കേറിയാല്‍ വെറും മിനിമം ചാര്‍ജിന്‍റെ ദൂരം മാത്രമെ ഈ കോട്ടയിലേക്കുള്ളൂ.
കാഞ്ഞിരപ്പുഴ ഡാം: മലമ്പുഴ ഡാം കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള മറ്റൊരു അണക്കെട്ടാണ് കാഞ്ഞിരപ്പുഴയിലേത്. മലമ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിലാണ് ഈ അണക്കെട്ടുള്ളത്. പാലക്കാടിനും മണ്ണാര്‍ക്കാടിനും ഇടയിലുള്ള തച്ചമ്പാറ മുതുകുറുശ്ശിയില്‍ നിന്നും ഏകദേശം 35 കിമീ ദൂരെയാണ് ഈ അണക്കെട്ടുള്ളത്. ഇതിന് ചേര്‍ന്ന് ഒരു ഉദ്യാനവും സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ടിനോട് തൊട്ടടുത്ത് സജ്ജമാക്കിയിട്ടുള്ള ബേബി ഡാമില്‍ ബോട്ട് സര്‍വീസുണ്ട്. വാക്കോടന്‍ മലനിരകളുടെ വിദൂര ദൃശ്യവും ഇവിടെ നിന്നും ആസ്വദിക്കാം. മഴക്കാലം വന്ന് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തും.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_kanjirapuzha-dam.jpg)
മൂന്ന് ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. അണക്കെട്ടിന്‍റെ ഭംഗി ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക മഴക്കാലത്താണ്. അതുകൊണ്ട് ഇക്കാലയളവില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കണം. കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുടുംബത്തിനൊപ്പം സന്ദര്‍ശിക്കാന്‍ കഴിയുന്ന ഒരിടമാണിത്. മാത്രമല്ല വൈകുന്നേരങ്ങളില്‍ ചെലവഴിക്കാനാകുന്ന ഇവിടെ പൂന്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
മണ്ണാര്‍ക്കാട് ബസ് സ്‌റ്റാന്‍റില്‍ നിന്നും 12.1 കിലോമീറ്ററും പാലക്കാട് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും 33.4 കിലോമീറ്ററും കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും 83.9 കിലോമീറ്ററും കോയമ്പത്തൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും 103 കിലോമീറ്ററുമാണ് കാഞ്ഞിരപ്പുഴ അണക്കെട്ടിലേക്കുള്ളത്.
നെല്ലിയാമ്പതി: തേയിലത്തോട്ടങ്ങളും മലനിരകളുടെ വശ്യമനോഹാരിതയും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്ന ഇടം അതാണ് പാലക്കാട്ടെ നെല്ലിയാമ്പതി. സാതാര്‍കുണ്ട്, കാരപ്പാറ തൂക്കുപാലം, ഓറഞ്ച് ഫാം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലത്. പാലകാട് ടൗണില്‍ നിന്നും യാത്ര ആരംഭിച്ചാല്‍ വഴിനീളെ കാഴ്‌ചകള്‍ ആസ്വദിക്കാവുന്ന ഇടം. യാത്രക്കിടെ പോത്തുണ്ടി ഡാമും അതിന്‍റെ ഭംഗിയും ആസ്വദിക്കാം. മാത്രമല്ല പതിയെ തണുപ്പിനെ പുല്‍കി നെല്ലിയാമ്പതിയിലേക്ക് ചുരം കയറുമ്പോള്‍ കൗതുകമായി വന്യജീവികളെയും കാണാം. ചുരത്തിലൂടെയുള്ള യാത്രയും തണുപ്പും കുളിരുമാണ് നെല്ലിയാമ്പതി യാത്രയെ കൂടുതല്‍ ആസ്വാദകരമാക്കുന്നത്. ദിനംപ്രതി നിരവധി സഞ്ചാരികളാണ് ചുരം കയറി ഇവിടെയെത്തുന്നത്.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_nelliyampathy.jpg)
പറമ്പിക്കുളം: പ്രകൃതിയെ അത്രയേറെ സ്‌നേഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഈ പറയുന്ന ഇടം നിങ്ങള്‍ക്ക് പോകാനുള്ളതാണ്. അത് മറ്റൊന്നുമല്ല കണ്ണിനും മനസിനും വിരുന്നൊരുക്കുന്ന ഇടമായി പാലക്കാടിന്‍റെ സ്വകാര്യ അഹങ്കാരമായ പറമ്പിക്കുളം.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_parambikulam.jpg)
നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും മാനം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന തേക്കിന്‍ കൂട്ടങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന മനോഹര സ്ഥലം. പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി 643.66 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതയില്‍ വ്യാപിച്ച് കിടക്കുന്നതാണീ സ്വര്‍ഗീയ ഭൂമി. കാടിന്‍റെ വശ്യത മാത്രമല്ല വ്യത്യസ്‌ത വന്യജീവികളെയും ഇവിടെയെത്തിയാല്‍ നേരില്‍ കാണാം. പറമ്പിക്കുളത്ത് കടുവ മാത്രമൊള്ളൂവെന്ന് വിചാരിക്കേണ്ട.
പച്ചപ്പാര്‍ന്ന കാട്ടില്‍ കൂട്ടമായി വ്യഹരിക്കുന്ന പുള്ളിമാനുകള്‍, കേഴമാന്‍, ആന, കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല തുടങ്ങി അനവധി ജീവികള്‍ ഇവിടെയുണ്ട്. 30ലേറെ കടുവകളാണ് ഇവിടെയുള്ളത്. ഇത് കൂടാതെ വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവികളുടെ സാന്നിധ്യവും പറമ്പിക്കുളത്തുണ്ട്. വംശനാശ ഭീഷമി നേരിടുന്നവയില്‍ തന്നെ അത്യാപൂര്‍വ്വയിനമായ പാതാളത്തവള, ചെങ്കല്‍ കുറിവാലന്‍ തവള, തെക്കന്‍ ചതുപ്പന്‍ തവള എന്നിവയെയും പറമ്പിക്കുളത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ജീവികള്‍ മാത്രമല്ല വിവിധ ആദിവാസി വിഭാഗങ്ങളുടേത് കൂടിയാണ് ഈ കാട്. കാടര്‍, മലമലശര്‍, മലശര്‍, മുതുവാന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ അധികവുമുള്ളത്.
കൊടും കാടിന്‍റെ ശബ്‌ദവും താളവും പറമ്പിക്കുളത്തെത്തിയാല്‍ ആസ്വദിക്കാനാകും. പശ്ചിമഘട്ടത്തിലെ തന്നെ മനുഷ്യവാസം ഏറ്റവും കുറഞ്ഞ സംരക്ഷിത ഇടമാണിത്. അതുകൊണ്ട് തന്നെ പ്രകൃതിയുടെ സ്വന്തം വാസസ്ഥലം എന്നും ഇത് അറിയപ്പെടുന്നുണ്ട്.
ഇനിയൊരല്‍പ്പം സാഹസമാകാം: പ്രകൃതി ഭംഗി മാത്രമല്ല സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കും പറ്റിയയിടമാണ് പറമ്പിക്കുളം. ബാംബൂ റാഫ്‌റ്റിങ്, ട്രെക്കിങ്, പറമ്പിക്കുളം സഫാരി എന്നിങ്ങനെ വിവിധ പരിപാടികളും വനം വകുപ്പ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല വനവിഭവങ്ങള്‍ വാങ്ങുന്നതിനുള്ള ഇക്കോ ഷോപ്പുകളും ഇവിടെയുണ്ട്. തൂണക്കടവ് അണക്കെട്ട്, കന്നിമര തേക്ക്, ഡാം വ്യൂ പോയിന്‍റ്, വാലി വ്യൂ പോയിന്‍റ്, ട്രൈബല്‍ ഹെറിറ്റേജ് സെന്‍റര്‍, ആനപ്പാടി എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ഇക്കോ ഷോപ്പുകള്‍ കാണാം.
പാലക്കാട് ടൗണില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് പറമ്പിക്കുളം വന്യജീവി സങ്കേതമുള്ളത്. പാലക്കാട് ജില്ലയുടെ സ്വന്തമാണിതെങ്കിലും തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് വേണം ഇവിടെയെത്താന്‍. തമിഴ്‌നാട്ടിലെ സേത്തുമടയിലൂടെയാണ് ഇങ്ങോട്ടേക്കുള്ള പ്രധാനപാത.
തമിഴ്‌നാട് ചെക്ക്പോസ്‌റ്റ് പിന്നിട്ടാല്‍ ആനമല കടുവ സങ്കേതത്തിലൂടെ ടോപ്പ്‌സ്ലിപ്പ് ഹില്‍ സ്‌റ്റേഷനിലെത്താം. ഇവിടെ നിന്നും അല്‍പം ദൂരം കൂടി മുന്നോട്ട് സഞ്ചാരിച്ചാല്‍ പറമ്പിക്കുളമെന്ന വശ്യമനോഹരിയെ കാണാം. ഇനിയിപ്പോ തൃശൂര്‍ ഭാഗത്ത് നിന്നും വരുന്നവരാണെങ്കില്‍ വടക്കഞ്ചേരിയില്‍ നിന്നും നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം വഴി സുങ്കത്തെത്താം. അവിടെ നിന്നും സേത്തുമടയിലേക്കും പിന്നെ നേരെ പറമ്പിക്കുളത്തേക്കും.
ധോണി വാട്ടര്‍ഫാള്‍സ്: കൂറ്റന്‍ മരങ്ങളും പച്ചപ്പാര്‍ന്ന അടിക്കാടുകളും വനൃമൃഗങ്ങളുമുള്ള കൊടും വനം. കാടിന്‍റെ ഭംഗി ആവോളം ആസ്വദിച്ച് നാല് കിലോമീറ്റര്‍ മലകയറിയാല്‍ ഒടുക്കം കാടിനുള്ളില്‍ ഒളിപ്പിച്ച ആ സുന്ദര കാഴ്‌ച കാണാം. മറ്റൊന്നുമല്ല ധോണി വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിലേക്ക് നടപാതയുണ്ട്. നടക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് അങ്ങനെ വേണമെങ്കില്‍ മലകയറാം. ഇനിയിപ്പോ നടക്കാന്‍ പ്രയാസപ്പെടുന്നവരാണെങ്കില്‍ അവര്‍ക്ക് വനം വകുപ്പ് ജീപ്പ് സവാരിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടന്ന് പോകുമ്പോള്‍ ഉയരം കൂടും തോറും മഞ്ഞും തണുപ്പും ഏറിവരുന്നതും നമ്മുക്ക് മനസിലാക്കാം. അധികം ഉയരത്തില്‍ നിന്നല്ലെങ്കിലും ചിപ്പിക്കുള്ളിലെ മുത്ത് പോലെയുള്ള ഭംഗിയാണ് കാടിനുള്ളിലെ ഈ വെള്ളച്ചാട്ടത്തിന്. കിലോമീറ്ററുകളോളം വനമേഖല താണ്ടി ഒഴുകിയെത്തുന്ന ഇത് തെളിനീരുറവ പോലെയാണ്.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_dhoni-waterfalls.jpg)
വെള്ളം വന്ന് പതിക്കുന്നയിടം അധികം ആഴം തോന്നിപ്പിക്കില്ലെങ്കിലും പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ആഴമുണ്ട്. ഇത് കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് വെള്ളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനുമെല്ലാം വിലക്കുണ്ട്. രാത്രി അധികം ഇരുട്ടുന്നത് വരെ സന്ദര്‍ശകര്‍ക്ക് വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കാം. എന്നിട്ടും മതിവരാത്തവര്‍ക്ക് കാടിന്‍റെ ഭംഗി രാത്രിയും ആസ്വദിക്കാം. വെള്ളച്ചാട്ടത്തിന് തൊട്ടരികില്‍ വനം വകുപ്പ് ഇതിനായി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് സാധാരണ ഒരു ഹോംസ്റ്റേ ഒന്നുമല്ല മറിച്ച് നല്ല ആഢംബരമായ ബംഗ്ലാവ് തന്നെയാണ്. കാലങ്ങള്‍ മുമ്പ് ബ്രിട്ടീഷുകാര്‍ പണിത ബംഗ്ലാവാണിത്. അടുത്തിടെ വനം വകുപ്പ് ഇത് പുതിക്കി പണിതതാണ്.
കൊല്ലംകോടും സീതാര്‍കുണ്ടും: ഗ്രാമീണ ഭംഗി ഏറെ ആസ്വദിക്കാനാകുന്ന ഇടമാണ് കൊല്ലംകോട്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍പാടങ്ങളും അതിന് അതിര്‍ത്തിയെന്നോണം ഉയര്‍ന്ന് നില്‍ക്കുന്ന തെന്മലയും. ഈ മലയുടെ അടിവാരത്തെത്തിയാല്‍ ചില പുസ്‌തങ്ങളുടെ പുറംചട്ടകളില്‍ കാണുന്ന മനോഹര ചിത്രം പോലെ തോന്നും.
പരന്ന് കിടക്കുന്ന നെല്‍പാടങ്ങള്‍ അതിന് ഒത്തനടുക്കായി നല്ല കറുപ്പ് നിറത്തില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന റോഡ്, നെല്‍പാടങ്ങള്‍ക്കിടയില്‍ വരമ്പില്‍ അങ്ങിങ്ങായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍. അങ്ങ് ദൂരെ കോടമഞ്ഞ് മൂടി നില്‍ക്കുന്ന തെന്മല. ഗ്രാമീണ ജീവിതം തുറന്ന് കാണിക്കുന്ന രേഖാചിത്രം പോലെ െതളിഞ്ഞ് നില്‍ക്കുന്ന പാലക്കാടിന്‍റെ ഭംഗി. കുന്നും മലകളും പുഴകളും കാവുകളുമാണ് ഈ ഗ്രാമത്തിന് ഇത്രയേറെ മനോഹാരി പകരുന്നത്. നഗര ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നെല്ലാം മനസിനെ ത്രസിപ്പിക്കാന്‍ ഇനി കരിമ്പനകളുടെ സ്വന്തം നാട്ടില്‍ രാപ്പാര്‍ക്കാം.
ഗ്രാമങ്ങളുടെ ഈ ഭംഗിയെല്ലാം ആസ്വദിച്ച് വേണം ഇവിടുത്തെ പ്രധാന ഡെസ്റ്റിനേഷനായ സീതാര്‍കുണ്ടിലെത്താന്‍. വളരെ ഉയരത്തില്‍ നിന്നും ആര്‍ത്തലച്ച് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ഈ സ്‌പോട്ടിലെത്തിയാല്‍ അങ്ങ് ദൂരെയുള്ള ചുള്ളിയാര്‍, മീങ്കര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും കാണാം. സീതാര്‍കുണ്ടിന് ഈ പേരിന് ലഭിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്.
വനവാസ കാലത്ത് ശ്രീരാമനും ലക്ഷ്‌മണനും സീതാ ദേവിയും ഈ മേഖലയില്‍ എത്തിച്ചേരുകയും ക്ഷീണിതയായ സീതാദേവി ഇവിടെ കുളിക്കുകയും ചെയ്‌തുവെന്നുമാണ് വിശ്വാസം. ഇതോടെയാണ് ഈ പ്രദേശത്തിന് സീതാര്‍കുണ്ട് എന്ന് പേര് വന്നത്. മാത്രമല്ല സീതാ ദേവി സ്‌നാനം നടത്തിയ ഇവിടെ ഇപ്പോഴും വനവാസികളും ജനങ്ങളും സീതാ ദേവിയെ സങ്കല്‍പ്പിച്ച് പൂജകള്‍ നടത്തി വരുന്നുണ്ട്.
അനങ്ങന്‍ മല: പശ്ചിമഘട്ട മലനിരകളില്‍ നിന്നും വേര്‍പ്പെട്ട് അങ്ങ് ദൂരെ സ്ഥിതി ചെയ്യുന്ന ഒരു മല. ഏകശിലാരൂപത്തിലുള്ള ഈ മലയില്‍ വൃക്ഷങ്ങളൊന്നും കാണാനാകില്ല. അതാണ് അനങ്ങന്‍ മല ഇക്കോ ടൂറിസം.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_anaganmala-ottappalam.jpg)
നിരവധി മലയാളം, തമിഴ് സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ള പണിക്കര്‍കുന്ന്, കിഴൂരിലെ നീര്‍പ്പാലം എന്നിവ ഇവിടെയാണുള്ളത്. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്‌പോട്ടാണിത്.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_anaganmala-ottappalam1.jpg)
ഉയരത്തില്‍ നിന്നും താഴയുള്ള കാഴ്‌ചകള്‍ ആസ്വദിക്കാനാകുന്ന റോപ്‌വേയും ഇവിടെയുണ്ട്. അനങ്ങന്‍ മലയെയും കൂനന്‍ മലയെയും ബന്ധിപ്പിച്ച് കൊണ്ടാണ് റോപ്‌വോ ഒരുക്കിയിട്ടുള്ളത്. സ്ഥലത്തെത്തുന്ന കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഇവിടെയുണ്ട്.
വായില്ലാകുന്നിലപ്പന്‍ ക്ഷേത്രം: പാലക്കാട്ടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് പുരാതനമായ വായില്ലാകുന്നിലപ്പന്‍ ക്ഷേത്രം. മനോഹരമായ ഘടനയും ക്ഷേത്ര പരിസരത്തുള്ള ശാന്തമായ അന്തരീക്ഷവുമാണ് ഇതിനെ ഇത്രയും മനോഹരമാക്കുന്നത്. കഴിക്കോട്ട് ദര്‍ശനമായിട്ടുള്ള ശിവലിംഗമാണിവിടുത്തെ പ്രതിഷ്‌ഠ. മാത്രമല്ല പ്രതിഷ്‌ഠയ്‌ക്ക് പിന്നില്‍ പാര്‍വതീ സങ്കല്‍പവുമുണ്ട്. ഗണപതി,അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ് എന്നിവര്‍ക്കും ഇവിടെ സ്ഥാനമുണ്ട്. പാലക്കാട്- ചെര്‍പ്പുളശേരി പാതയോട് ചേര്‍ന്ന് കടമ്പഴിപ്പുറത്താണ് ഈ ക്ഷേത്രമുള്ളത്.
![TOURIST DESTINATIONS PALAKKAD TOURIST SPOT PALAKKAD പാലക്കാട് ടൂറിസം പാലക്കാട് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23479801_vayillakunnilappan-temple.jpg)
പന്തിരുകുലത്തില്‍ വരരുചിക്കും പത്‌നിക്കും പിറന്ന 12മത്തെ പുത്രനാണ് വായില്ലാകുന്നിലപ്പന്‍. വായില്ലാത്തവനായി പുത്രന്‍ പിറന്നതോടെ വരരുചി കുഞ്ഞുമായി ഒരു മലമുകളിലെത്തി അവിടെ പ്രതിഷ്‌ഠിച്ചു എന്നാണ് വിശ്വാസം. പില്‍ക്കാലത്ത് വായില്ലാകുന്നിലപ്പന്‍ എന്നറിയപ്പെടുന്ന ഈ ദേവന്‍ ശബ്‌ദത്തിന്‍റെയും സംസാരശേഷിയുടെയും ശക്തിയായി കരുതപ്പെടാന്‍ തുടങ്ങി.
പന്തിരുകുലത്തില്‍ പിന്മുറക്കാര്‍ ഇല്ലാത്തതായി വായില്ലാകുന്നിലപ്പന് മാത്രമാണ്. ശിവന്‍റെ അവതാരമായാണ് വായില്ലാകുന്നിലപ്പനെ കാണുന്നത്. അതുകൊണ്ട് ഇവിടെ നടത്തുന്ന പൂജകളെല്ലാം ശിവസങ്കല്‍പത്തിലാണ്.
Also Read
- മഞ്ഞുകണങ്ങളില്‍ പുതഞ്ഞ് പുല്‍മേട്; തണുത്തുറഞ്ഞ് ജലാശയങ്ങള്‍, മൂന്നാറിലെ താപനില മൈനസിലെത്ത
- അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടി അഴീക്കോട് ചാൽ ബീച്ച്, ഈ പൊളി സ്ഥലം സന്ദര്‍ശിച്ചാലോ?
- വറുത്തത്, വറ്റിച്ചത്, മുളകിട്ടത്.. മീന്‍ വിഭവങ്ങള്‍ പതിനേഴ് തരം; ഇവിടെ കണ്ണൂര്‍ സദ്യയുടെ വൈബ് അറിയാം
- അഗസ്ത്യന്‍റെ മടിത്തട്ടിലേക്ക് പോകാം... സഹ്യന്‍റെ തെക്കേ അറ്റത്ത് മൂന്നു ദിവസത്തെ ട്രക്കിങ്ങിന് സമയമായി...
- മഞ്ഞും മലയും കണ്ട് ഒരല്‍പ്പം സാഹസികത, ഒഴുകിയെത്തി ലക്ഷങ്ങള്‍; ഈ അവധിക്കാലത്ത് ഇടുക്കിയിലെത്തിയത് റെക്കോഡ് സഞ്ചാരികൾ
- കടലിന് മീതെ നടക്കാം, വിവേകാനന്ദപ്പാറ മുതല്‍ തിരുവള്ളുവര്‍ സ്റ്റാച്യൂ വരെ കണ്ണാടിപ്പാലം റെഡി; കാല്‍ച്ചുവട്ടില്‍ ആര്‍ത്തലയ്‌ക്കും തിരമാലകളുടെ വൈബ് ഇനി സഞ്ചാരികള്‍ക്ക് സ്വന്തം
- മഞ്ഞുകണങ്ങളില്‍ പുതഞ്ഞ് പുല്‍മേട്; തണുത്തുറഞ്ഞ് ജലാശയങ്ങള്‍, മൂന്നാറിലെ താപനില മൈനസിലെത്തി