ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സമാധാനം കൊണ്ടുവരാനുള്ള നടപടികള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ സ്വീകരിക്കണം. വര്‍ഗീയ വിഭജന രാഷ്‌ട്രീയം ബംഗ്ലാദേശിനും ഇന്ത്യയ്‌ക്കും ദോഷകരമാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടു.
'ബംഗ്ലാദേശിലേതിന് സമാനമായി ഇന്ത്യയില്‍ ഹിന്ദുത്വശക്തികളും വര്‍ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഹിന്ദുത്വ ശക്തികള്‍ ഇവിടെ ലക്ഷ്യം വയ്‌ക്കുന്നത് മുസ്‌ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെയാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സ്ഥിതിയും ആശങ്കാജനകമാണ്. അവരുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന വിവിധ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ മതമൗലികവാദ ശക്തികള്‍ ശ്രമിക്കുന്ന ഈ സമയത്ത് വർഗീയ ആക്രമണങ്ങൾ തടയാൻ ബംഗ്ലാദേശ് ഭരണകൂടം നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി കാലതാമസം കൂടാതെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം' എന്നും സിപിഎം പ്രസ്‌താവനയില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, അജ്‌മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുന്ന ഹര്‍ജി പരിഗണിക്കാനുള്ള തീരുമാനം അനാവശ്യമെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കുമെന്ന അജ്‌മീര്‍ സിവില്‍ കോടതിയുടെ തീരുമാനം വ്യക്തികളുടെ ആരാധനാ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്‌താവനയില്‍ പറഞ്ഞു.
'അജ്‌മീര്‍ ഷരീഫ് ദര്‍ഗയ്‌ക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നോ എന്നറിയാൻ സര്‍വേ നടത്തണമെന്നാണ് ആവശ്യം. ഹര്‍ജി പരിഗണിക്കാനുള്ള കോടതിയുടെ തീരുമാനം അനവസരത്തിലുള്ളതും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. 1991-ലെ ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിലെ വ്യവസ്ഥകൾക്ക് ഇത് വിരുദ്ധമാണ്.
ഈ നിയമ ലംഘനം മൂലം സംഭാലില്‍ അഞ്ച് പേര്‍ക്കാണ് ജീവൻ നഷ്‌ടമായതെന്നും' സിപിഎം പ്രസ്‌താവനയില്‍ പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും സിപിഎം അഭിപ്രായപ്പെട്ടു.