ഒട്ടാവ:കാനഡയിൽ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു മഹാസഭ മന്ദിറില്‍ അതിക്രമിച്ച് കയറിയാണ് സംഘം ആക്രമണം നടത്തിയത്. ഖലിസ്ഥാൻ പതാകകളുമായെത്തിയായിരുന്നു ആക്രമണം.
ഖലിസ്ഥാൻ നേതാവ്ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് ശേഷം ഇന്ത്യ - കാനഡ ബന്ധം വഷളായിരുന്നു. നിജ്ജറിന്‍റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കാനഡ ആരോപണം ഉന്നയിച്ചിരുന്നു. നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലും അടക്കം അമിത് ഷായ്‌ക്ക് പങ്കുണ്ടെ്ന്ന് സുരക്ഷാകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ കനേഡിയൻ വിദേശകാര്യസഹമന്ത്രി സ്ഥിരീകരിക്കുകയായിരുന്നു. കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
കാനഡയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഖലിസ്ഥാൻ വാദികള്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയത്. ഹിന്ദു മഹാസഭാ മന്ദിറിന് മുന്നിലായിരുന്നു ഖലിസ്ഥാൻ പതാകകളുമായെത്തിയ സിഖ് വംശജരുടെ പ്രതിഷേധം.
ക്ഷേത്രപരിസരത്തുണ്ടായ ആക്രമണങ്ങളെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ഓരോ കനേഡിയനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അദ്ദേഹം കുറിച്ചു.