വാഷിങ്ടൺ:യുഎസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പില്‍ ടിം വാൾസിനെ തന്‍റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി തെരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവർണറാണ് ടിം വാൾസ്. തന്‍റെ 'റണ്ണിങ് മേറ്റാ'യി 60-കാരനായ ടിം വാൾസിനെ കമല ഹാരിസ് തന്നെയാണ് പ്രഖ്യാപിച്ചത്.
ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുളള ആളാണ് വാൾസ് എന്ന് കമല ഹാരിസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഇന്ന് (ഓഗസ്‌റ്റ് 06) ഫിലഡൽഫിയയിൽ നടക്കുന്ന പ്രചരണ യോഗത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നതായിരിക്കും.
2018 മുതലേ മിനസോട്ട ഗവർണറായി രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ട വാൾസ്, ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുൻപ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചായിരുന്ന ഇദ്ദേഹം 24 വർഷം ആർമി നാഷണൽ ഗാർഡിലും പിന്നീട് ഒരു പതിറ്റാണ്ട് യു എസ് കോൺഗ്രസിലും പ്രവർത്തിച്ചു.
ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് നിലവിലെ പ്രസിഡൻ്റ് ബൈഡൻ മാറി നിൽക്കണമെന്നുളള മുറവിളികള്‍ വന്നപ്പോൾ, അദ്ദേഹത്തിന് പിന്തുണ നൽകിയവരിൽ പ്രധാനിയായിരുന്നു വാൾസ്. 2006-ല്‍ ആദ്യമായി ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2018-ല്‍ ആദ്യമായി മിനിസോട്ട ഗവര്‍ണറാകുകയും ചെയ്‌തു. പിന്നീട് 2022-ല്‍ വീണ്ടും ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു.
Also Read:അമേരിക്കന്‍ പ്രസിഡന്‍റാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാകുമോ കമല ഹാരിസ്?; അറിയാം കമലയെ കുറിച്ച്...