വാഷിങ്ടൺ ഡിസി :2024-ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തന്‍റെ എതിരാളിയായ ഡൊണാൾഡ് ട്രംപിന്‍റെ ജീവന് ഭീഷണിയായ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ട്രംപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും ബൈഡൻ അറിയിച്ചു. ഡെലവെയറിലെ റെഹോബോത്ത് ബീച്ച് ഹൗസിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് അസുഖകരമായ സംഭവമാണ്. ഈ രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിന്‍റെ കാരണം ഇതാണ്. നമുക്ക് ഇത് അനുവദിക്കാനാവില്ല. നമുക്ക് ഇങ്ങനെയായിരിക്കാനും ഇത്തരം സംഭവങ്ങള്‍ ക്ഷിമിക്കാനുമാവില്ല' -ബൈഡൻ പറഞ്ഞു. 'അദ്ദേഹം സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നു എന്നും അറിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും റാലിയിൽ പങ്കെടുത്ത എല്ലാവർക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു' -എന്നും ബൈഡൻ പറഞ്ഞു.
ഉടൻ തന്നെ ട്രംപുമായി ബന്ധപ്പെടുമെന്നും സുരക്ഷിതസ്ഥാനത്ത് എത്തിച്ചതിന് എല്ലാ രഹസ്യാന്വേഷണ വിഭാഗത്തോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പെൻസിൽവാനിയയിലെ ബട്‌ലറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ ട്രംപിന് പരിക്കേറ്റു. ഉടൻ തന്നെ യുഎസ് രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ വേദിയിൽ നിന്ന് പുറത്ത് എത്തിച്ച് സുരക്ഷിതനാക്കി. വെടിയുതിർത്തെന്ന് സംശയിക്കുന്നയാളെ രഹസ്യാന്വേഷണ വിഭാഗം വെടിവച്ചുകൊന്നതായും അധികൃതര്‍ അറിയിച്ചു.
ഏത് തരത്തിലുള്ള ആയുധം ഉപയോഗിച്ചാണ് വെടിവയ്‌പ്പ് നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്രംപ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ നിരവധി വെടിയൊച്ചകൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ട്രംപിൻ്റെ മുഖത്തും ചെവിയിലും രക്തം കാണപ്പെടുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുൻ അമേരിക്കൻ പ്രസിഡൻ്റ് സുഖമായിരിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗവും ട്രംപിന്‍റെ വക്താവും അറിയിച്ചു.
Also Read:'കമല ഹാരിസ് യോഗ്യയാണ്...': എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും താൻ പിന്മാറില്ലെന്ന് ജോ ബൈഡൻ