വാഷിങ്ടൺ:പെൻസിൽവാനിയയിലെ റാലിയ്ക്ക് ഇടയിലുണ്ടായ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ട്രംപ് മിൽവാക്കിയിൽ നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കൺവെൻഷനില്‍ വെച്ച് തന്‍റെ വൈസ് പ്രസിഡന്‍റിനെ പ്രഖ്യാപിച്ചു. ഒഹായോയില്‍ നിന്നുളള യുഎസ് സെനറ്റർ ജെ ഡി വാൻസിനെയാണ് ട്രംപ് തന്‍റെ വിപിയായി തെരഞ്ഞെടുത്തത്. എട്ട് വര്‍ഷം മുന്‍പ് ട്രംപിന്‍റെ കടുത്ത വിമര്‍ശകനായിരുന്നെങ്കില്‍പ്പോലും അദ്ദേഹത്തിന്‍റെ ജനകീയ പദ്ധതികളുമായി സഹകരിച്ചിരുന്ന വ്യക്തികൂടിയാണ് ജെ ഡി വാൻസ്.
തന്‍റെ വൈസ് പ്രസിഡന്‍റാകാൻ ഏറ്റവും അനുയോജ്യൻ വാൻസ് ആണെന്നാണ് ട്രംപിന്‍റെ അഭിപ്രായം. 'വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ജെഡി നമ്മുടെ ഭരണഘടനയ്‌ക്കുവേണ്ടി പോരാടുന്നത് തുടരും. നമ്മുടെ സൈനികർക്കൊപ്പം നിൽക്കും. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ എന്നെ സഹായിക്കും'- എന്ന് മുൻ യുഎസ് പ്രസിഡൻ്റ് കുറിച്ചു. വാൻസിനെ തെരഞ്ഞെടുത്തതിലൂടെ ഈ തെരഞ്ഞെടുപ്പില്‍ ഡൊണാൾഡ് ട്രംപ് പ്രാധാന്യം നല്‍കുന്നത് മിഡ്‌വെസ്റ്റിലെ പ്രധാന സംസ്ഥാനങ്ങളായ പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിവയിലാണെന്ന് കണകാക്കാം.