വയനാട്: ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപെട്ട ആളുടേതെന്ന് സംശയിക്കുന്ന ശരീരഭാഗം മരത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പരപ്പൻപാറ ഭാഗത്തുനിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് പോയ ആദിവാസികളാണ് ശരീരഭാഗം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ശരീരഭാഗം കണ്ടെത്തിയ വിവരം വയനാട് ജില്ലാ ഭരണകൂട അധികൃതരെ അറിയിച്ചത്.
ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ. ഇതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ് എല്ലിന്‍റെ കഷ്‌ണം മരത്തിൽ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ചൂരൽമലയിൽ ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024 ജൂലായ് 31-ന് പുലർച്ചെയായിരുന്നു വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും വലിയ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമങ്ങളെയൊന്നാകെ പൂർണമായും തുടച്ചുമാറ്റിയ ദുരന്തത്തില്‍ പലരും ഇന്നും മണ്ണിനടയിലാണ്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഉറ്റവരില്ലാതെ ഒറ്റക്കായവരും, വീടും ജീവനോപാധികളും നഷ്‌ടപ്പെട്ടവരും ഏറെയാണ്.
സ്ഥലത്ത് കൃത്യമായ തെരച്ചിൽ നടക്കുന്നില്ലെന്നും, തെരച്ചിൽ വീണ്ടും കാര്യക്ഷമമായ രീതിയിൽ നടത്തണമെന്ന ആവശ്യവും പ്രദേശവാസികളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മൃതദേഹ ഭാഗം കണ്ടെത്തിയിരിക്കുന്നത്. എൻഡിആർഎഫ് സംഘവും മറ്റും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും തെരച്ചിൽ കാര്യമായി നടക്കുന്നില്ലെന്നാണ് നാട്ടുകർ പറയുന്നത്.