ഭോപ്പാല്‍: നാല്‍പ്പത് വര്‍ഷം മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്‌ടറിയില്‍ നിന്ന് ചോര്‍ന്ന വിഷവാതകത്തിന്‍റെ പ്രത്യാഘാതങ്ങള്‍, ദുരന്തം അതിജീവിച്ചവരുടെ അടുത്ത തലമുറയെയും പിന്തുടരാമെന്ന് മുന്‍ സര്‍ക്കാര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍. 1984 ഡിസംബര്‍ രണ്ട് അര്‍ദ്ധരാത്രിയിലാണ് ഫാക്‌ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നത്. 3,787 ജീവനുകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്.
കീടനാശിനി ഫാക്‌ടറിയില്‍ നിന്ന് ചോര്‍ന്ന വിഷവാതകത്തിന്‍റെ ആഘാതങ്ങള്‍ അഞ്ച് ലക്ഷം പേരെ ബാധിച്ചു. ദുരന്തത്തിന്‍റെ ആദ്യ ദിനത്തില്‍ താന്‍ 875 പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയെന്നും ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ആയിരുന്ന ഡോ. ഡി കെ സത്‌പതി വ്യക്തമാക്കി. ദുരന്തത്തിലെ അതിജീവിതരുടെ കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നീട് അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 18,000 പോസ്‌റ്റ്‌മോര്‍ട്ടം താന്‍ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തെ അതിജീവിച്ച ഗര്‍ഭിണികളില്‍ വിഷവാതകമുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നിരാകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭസ്ഥ ശിശുക്കളിലേക്ക് ഗര്‍ഭാവരണം (പ്ലാസന്‍റെ) കടന്ന് കീടനാശിനിയുടെ ആഘാതങ്ങള്‍ എത്തില്ലെന്നും കമ്പനി അവകാശപ്പെട്ടു.
എന്നാല്‍ ദുരന്തത്തില്‍ മരിച്ച ഗര്‍ഭിണികളുടെ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ അമ്മയുടെ ശരീരത്തില്‍ കണ്ടെത്തിയ അന്‍പത് ശതമാനം വിഷവാതകവും ഗര്‍ഭസ്ഥശിശുവിലും കണ്ടെത്താനായിരുന്നു. അതിജീവിച്ച അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളിലും വിഷവാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായി. ഇത് അടുത്ത തലമുറയുടെ ആരോഗ്യത്തെയും ബാധിച്ചു. ഇതേക്കുറിച്ചുള്ള ഗവേഷണങ്ങള്‍ എന്ത് കൊണ്ട് നിര്‍ത്തി വച്ചെന്നും സത്‌പതി ചോദിച്ചു. ഇത് അടുത്ത തലമുറകളിലേക്കും പടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന മീഥൈല്‍ ഐസോസയനേറ്റ് വെള്ളവുമായി ചേരുമ്പോള്‍ നിരവധി വാതകങ്ങള്‍ ഉണ്ടാകുന്നു. ഇവയില്‍ ചിലത് അര്‍ബുദം, രക്തസമ്മര്‍ദ്ദം, കരള്‍ നാശം എന്നിവയിലേക്ക് നയിക്കും. സത്പതിക്ക് പുറമെ 1984ലെ ദുരന്തത്തില്‍ ആദ്യമായി ചികിത്സ നടത്തിയ മുതിര്‍ന്ന ഡോക്‌ടര്‍മാര്‍, അടിയന്തര വാര്‍ഡുകളില്‍ സേവനമനുഷ്‌ഠിച്ചവര്‍, കൂട്ട സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചെന്ന് ഭോപ്പാലിലെ വിവരാവകാശകര്‍മ്മ സംഘമായ രചന ദിന്‍ഗ്ര അറിയിച്ചു.
ദുരന്തത്തിന്‍റെ നാല്‍പ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ നാല് വരെ നീളുന്ന ഒരു പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിള സ്റ്റേഷനറി കര്‍മചാരി സംഘ് അധ്യക്ഷ റഷീദി ബീ പറഞ്ഞു. വാര്‍ഷികത്തോട് അനുബന്ധിച്ച് റാലിയും സംഘടിപ്പിക്കുന്നുണ്ട്. വ്യവസായിക മലിനീകരണം, കാലാവസ്ഥ വ്യതിയാനം പോലുള്ള ആഗോള കുത്തക കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് പരിപാടിയെന്നും അവര്‍ വ്യക്തമാക്കി.
Also Read: വിഷവാതക ദുരന്തത്തിന് 35 വയസ്; ദുരിതം വിട്ടുമാറാത്ത ഭോപ്പാല്‍