ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോപണങ്ങളും തള്ളിയതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പ്രതികാര നടപടിയുമായി കാനഡ. ആദ്യമായി സൈബർ ഭീഷണിയുടെ എതിരാളികളുടെ പട്ടികയിൽ ഇന്ത്യയെയും കാനഡ ഉൾപ്പെടുത്തി. ഇന്ത്യൻ ഗവണ്‍മെന്‍റിന്‍റെ പിന്തുണയോടെ കാനഡയില്‍ ചാരവൃത്തി നടത്തുന്നുണ്ടെന്നും കനേഡിയൻ സര്‍ക്കാര്‍ ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം ഇന്ത്യ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ചാരവൃത്തി നടത്തുന്നുവെന്ന പുതിയ ആരോപണവുമായി കാനഡ രംഗത്തെത്തിയത്. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ഉള്‍പ്പെടുത്തിയത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയന്‍ സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
സൈബർ സുരക്ഷയെക്കുറിച്ചുള്ള കാനഡയുടെ സാങ്കേതിക അതോറിറ്റിയും കനേഡിയൻ സെന്‍റര്‍ ഫോർ സൈബർ സെക്യൂരിറ്റിയുമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരവൃത്തി ലക്ഷ്യം വച്ച് കാനഡ സര്‍ക്കാരിനെതിരെ സൈബര്‍ ഭീഷണി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ആഭ്യന്തര സൈബർ കഴിവുകളുള്ള ഒരു ആധുനിക സൈബർ പ്രോഗ്രാം നിർമിക്കാൻ ഇന്ത്യയുടെ നേതൃത്വം ആഗ്രഹിക്കുന്നു. ചാരപ്രവർത്തനം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, കാനഡയ്‌ക്കെതിരെയുള്ള വിവരങ്ങള്‍, ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങി കാര്യങ്ങള്‍ക്ക് ഇന്ത്യ സൈബർ പ്രോഗ്രാം ഉപയോഗിക്കാനിടയുണ്ട്.' എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ആഗോളതലത്തില്‍ പുതിയ അധികാര കേന്ദ്രങ്ങളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ആരോപണങ്ങള്‍ തള്ളി തിരിച്ചടിച്ച് ഇന്ത്യ
എന്നാല്‍ കാനഡയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ആഗോളതലത്തില്‍ ഇന്ത്യയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള മറ്റൊരു കനേഡിയൻ തന്ത്രമായാണ് തങ്ങൾ ഇതിനെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. ഇന്ത്യയ്‌ക്കെതിരായ അപവാദം പ്രചരിപ്പിക്കാൻ കാനഡ ശ്രമിക്കുകയാണെന്ന് അവരുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹർദീപ് സിങ് നിജ്ജർ കൊലപാതകത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാര്‍ അറസ്റ്റിലായിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിങ്, കരൺ പ്രീത് സിങ് എന്നിവരെയാണ് ഹർദീപ് സിങ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിനുപിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിജ്ജറിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതെല്ലാം തള്ളിയിരുന്നു.