വാഷിങ്ടൺ: നവംബർ 5 ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ മാർച്ച്. നൂറുകണക്കിന് വനിതകള്‍ വാഷിങ്ടൺ ഡിസിയിൽ ഒത്തുകൂടി. ഫ്രീഡം പ്ലാസയിൽ നിന്ന് വൈറ്റ് ഹൗസിലേക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാർച്ച് നടന്നു.
സ്‌ത്രീകളുടെ അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, ജനാധിപത്യം എന്നിവയോടുള്ള കമല ഹാരിസിന്‍റെ പ്രതിബദ്ധതയാണ് പിന്തുണക്കാന്‍ കാരണമെന്ന് മാർച്ചിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് പറഞ്ഞു. 'എന്‍റെ സ്വദേശം ന്യൂയോർക്കാണ്, എനിക്ക് 70 വയസായി. 1972 ൽ ഞാൻ വോട്ട് ചെയ്യാൻ ആരംഭിച്ചു. 2016 ൽ ഹിലരിക്ക് (പ്രസിഡൻ്റ് സ്ഥാനാർഥി ഹിലാരി ക്ലിൻ്റൺ) വേണ്ടി മാർച്ച് നടത്തി, 2024ൽ കമലയ്ക്ക് വേണ്ടിയാണ് ഞാൻ മാർച്ച് ചെയ്യുന്നത്' എന്ന് ഒരു സ്‌ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങൾ ട്രംപിന്‍റെ ഭരണം ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ ഞങ്ങൾ കമലയ്ക്കാണ് വോട്ട് ചെയ്യുക. അതിനുപുറമെ ഞങ്ങൾക്ക് ഒരു വനിതാ നേതാവിനെ ആവശ്യമാണ്. കാരണം സ്ത്രീകൾ നന്നായി പ്രവർത്തിക്കുമ്പോൾ, എല്ലാവരും അതിനെ പിന്തുണയ്‌ക്കുകയും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും. ഞങ്ങൾക്ക് കമലയെ വേണം' എന്നും അവർ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മേരിലാൻഡിൽ നിന്നുള്ള മറ്റൊരു സ്ത്രീ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഓരോ വോട്ടിൻ്റെയും നിർണായക പങ്ക് ഊന്നിപ്പറഞ്ഞു. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനുള്ള വോട്ട് ഫാസിസത്തിനുള്ള വോട്ടാണെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
'ഈ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും സുപ്രധാനമാണ് എന്നതിനാലാണ് ഞാൻ ഈ റാലിയിൽ പങ്കെടുത്തത്. ഞാൻ കമലാ ഹാരിസിന് നേരത്തെ വോട്ട് ചെയ്‌തിരുന്നു. ട്രംപിന് വോട്ട് ചെയ്യുന്ന ഏതൊരാളും വോട്ട് ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കാനല്ലെങ്കിൽ നമ്മുടെ ജനാധിപത്യത്തെ മാറ്റാൻ ഉദ്ദേശിക്കുന്ന ഒരു ഫാസിസ്‌റ്റിനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഞാൻ വിശ്വസിക്കുന്നു. വൈറ്റ് ഹൗസിൽ ഒരു ഫാസിസ്‌റ്റ് സ്വേച്ഛാധിപതിയെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും' അവർ പറഞ്ഞു.
അരിസോണയിലെ സ്വിംഗ് സംസ്ഥാനത്തിൽ നിന്നുള്ള മറ്റൊരു സ്ത്രീ പറഞ്ഞു, "ഞാൻ കമല ഹാരിസിനെയാണ് പിന്തുണയ്ക്കുന്നത്. ഞാൻ ഫിലിപ്പീൻസിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരിയാണ് കമല പിന്തുണയ്ക്കുന്ന ഒരുപാട് കാര്യങ്ങൾ എനിക്കും എൻ്റെ കുടുംബത്തിനും വളരെ സഹായകമാകുന്ന ഒന്നാണ്. ഈ തെരഞ്ഞെടുപ്പിൽ നമുക്ക് കാര്യങ്ങൾ മാറ്റിമറിക്കാം. കമല ഹാരിസ് വിജയിച്ചാൽ ഇവിടെയുള്ള ഓരോ വ്യക്തിക്കും അർഹമായ മനുഷ്യാവകാശങ്ങൾ നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
നവംബർ 5 നാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം. ഹാരിസിന് യുഎസിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ പ്രസിഡൻ്റാകാൻ കഴിയുമെന്ന് കാർനെഗീ എൻഡോവ്‌മെൻ്റ് നടത്തിയ സർവേയിൽ പറയുന്നു.