എറണാകുളം: ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മിൽ കൂട്ടിയിടിച്ചു. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയ ബോട്ടും, ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് വന്ന ബോട്ടുമാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.
ബോട്ടുകളും യാത്രക്കാരും സുരക്ഷിതരാണെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു. പ്രശ്‌നങ്ങൾ സൃഷ്‌ട്ടിച്ച് പരിഭ്രാന്തി പടർത്തിയത് ഒരു ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ളോഗർമാരാണ്. ഇവർ ബഹളം സൃഷ്‌ടിക്കുകയും ബോട്ട് കൺട്രോൾ ക്യാബിനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ജീവനക്കാർ ഇവരെ തടയുകയായിരുന്നുവെന്നും വാട്ടർ മെട്രോ അധികൃതർ അറിയിച്ചു.
റോറോ സർവീസ് കടന്നുപോകുന്നതിന് മെട്രോ ബോട്ട് വഴിയൊരുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വാട്ടർ മെട്രോ അറിയിച്ചു. ഫോർട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ബോട്ട് പിന്നോട്ടെടുത്തതോടെ ഹൈക്കോടതി ഭാഗത്ത് നിന്ന് വന്ന ബോട്ടിലിടിക്കുകയായിരുന്നു. അവധി ദിവസമായതിനാൽ ഇരു ബോട്ടിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടിയുടെ ആഘാതത്തിൽ മെട്രോ ബോട്ടിൽ അപകട സൈറൺ മുഴങ്ങുകയും, എമർജൻസി വാതിൽ തുറക്കുകയും ചെയ്‌തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. പിന്നീട് ജീവനക്കാർ യാത്രക്കാരെ സമാധാനിപ്പിക്കുകയും യാത്ര പുനരാരംഭിക്കുകയും ചെയ്‌തു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് കെഡബ്ല്യുഎംഎൽ അറിയിച്ചു. അതേസമയം കൊച്ചി മെട്രോയ്ക്ക് പരാതി നൽകുമെന്ന് യാത്രക്കാരും അറിയിച്ചു.
ശനിയാഴ്‌ച വൈകുന്നേരം 5:50 ന് അഗ്നിസുരക്ഷാ സംവിധാനം പരിശോധിക്കുന്നതിടെയുണ്ടായ സാങ്കേതിക തകരാർ മൂലം കടവന്ത്ര മെട്രോ സ്‌റ്റേഷനിൽ അലാറം മുഴങ്ങിയിരുന്നു. ഇതിനിടെയും യാത്രക്കാർ പരിഭ്രാന്തരാവുന്ന സാഹചര്യം ഉണ്ടായി. രണ്ട് മിനിറ്റിൽ താഴെയാണ് അലാറം മുഴങ്ങിയത്. തകരാർ ഉടൻ പരിഹരിച്ച ശേഷം യാത്രക്കാര സ്‌റ്റേഷൻ സുരക്ഷിതമാണെന്ന് അറിയിക്കുകയായിരുന്നു.
Also Read: 'കളർ കൊച്ചി', കൊച്ചി മെട്രോയുമായി ചേർന്ന് ജർമൻ കലാകാരന്‍റെ ഗ്രാഫിറ്റി വിസ്‌മയം