കേരളം

kerala

ETV Bharat / international

ലെബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍; പോരാട്ടം ഹിസ്‌ബുള്ളക്കെതിരെ, ആശങ്കയില്‍ ജനങ്ങള്‍ - Israel Airstrikes On Lebanon

തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. പോരാട്ടത്തിന്‍റെ ലക്ഷ്യം ഹിസ്‌ബുള്ളയെ തകര്‍ക്കല്‍. ആക്രമണങ്ങളെ പ്രശംസിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്.

Israel Attack On Lebanon  Lebanon Airstrikes  Hezbollah Rocket Attack  Israel Hezbollah War Updates
Airstrikes Affected Area In Kfar Rouman village (ETV Bharat)

By ETV Bharat Kerala Team

Published : Sep 23, 2024, 2:01 PM IST

ജറുസലേം: ലെബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ലൈബനനില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്റ്റേറ്റ് മീഡിയയും റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ന് (സെപ്‌റ്റംബര്‍ 23) പുലര്‍ച്ചെയാണ് സംഭവം.

ആക്രമണത്തിന് പിന്നാലെ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ആക്രമണത്തെ കുറിച്ച് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചു. ആക്രമണമുണ്ടായ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ അടക്കം പ്രദേശവാസികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. തങ്ങളുടെ നഗരം ഇസ്രയേല്‍ ആക്രമിക്കുന്നുവെന്നും ചിത്രങ്ങള്‍ക്കൊപ്പം അവര്‍ കുറിച്ചു.

ലെബനനിലെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടന്നതായി സംസ്ഥാന ദേശീയ വാര്‍ത്ത ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തെക്കന്‍ ലെബനനിലാണ് ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടന്നത്. ഇവിടം ലക്ഷ്യമാക്കി ഇസ്രയേലിന്‍റെ യുദ്ധ വിമാനങ്ങള്‍ ചീറിപ്പാഞ്ഞു. വെറും അരമണിക്കൂര്‍ അതിനുള്ളില്‍ 80ലധികം വ്യോമാക്രമണങ്ങള്‍ക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. തെക്കന്‍ ലെബനനില്‍ മാത്രമല്ല കിഴക്കന്‍ ലെബനനും ഇസ്രയേല്‍ യുദ്ധവെറിക്ക് വേദിയാകുന്നുണ്ട്. 'ബെക്കാ' താഴ്‌വരയില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ റെയ്‌ഡുകള്‍ തുടരുകയാണെന്ന് ലെബനന്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള സംഘത്തിനെതിരായാണ് ഇസ്രയേല്‍ പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. ഇതിനായാണ് വ്യോമാക്രമണങ്ങള്‍ കടുപ്പിച്ചതെന്ന് ഇസ്രയേലി സൈന്യത്തിന്‍റെ അറബ് ഭാഷ വക്താവ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും വക്താവ് അറിയിച്ചു. വ്യോമാക്രമണത്തിന് തൊട്ടുമുമ്പായി ഹിസ്‌ബുള്ള തീവ്രവാദികളുടെ ആയുധങ്ങള്‍ സൂക്ഷിച്ച വീടുകളും കെട്ടിടങ്ങളും ഉടന്‍ ഒഴിയണമെന്ന് ഇസ്രയേല്‍ സൈന്യം ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.

വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്‌ബുള്ള തൊട്ടുത്തുവിട്ട റോക്കറ്റുകള്‍ക്ക് പിന്നാലെ രോഷം പൂണ്ടാണ് ഇസ്രയേല്‍ വ്യോമാക്രമണത്തിന് തുടക്കമിട്ടത്. ഹൈഫ നഗരത്തിന് സമീപവും വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ വെള്ളിയാഴ്‌ച നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമായിട്ടായിരുന്നു ഹിസ്‌ബുള്ളയും ആക്രമണം. ആദ്യ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള സൈനിക കമാൻഡര്‍ അടക്കമുള്ള അംഗങ്ങളും നിരവധി സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഇതോടെയാണ് ഹിസ്‌ബുള്ളയുടെ തിരിച്ചടി.

കഴിഞ്ഞയാഴ്‌ച ലെബനനിലെ ഹിസ്‌ബുള്ളയുടെ ആശയ വിനിമയ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇതില്‍ 39 പേര്‍ മരിക്കുകയും 3000ത്തോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ ലെബനന്‍ ഇസ്രയേലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇതില്‍ ഇസ്രയേല്‍ മൗനം പാലിക്കുകയാണുണ്ടായത്.

ഗാസ- ഇസ്രയേല്‍ യുദ്ധം:

ഗാസയ്‌ക്ക് ഓസ്‌ട്രേലിയയുടെ സഹായം: കഴിഞ്ഞ ഒക്‌ടോബര്‍ 17നാണ് ഇസ്രയേല്‍ -ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രയേലിന്‍റെ യുദ്ധവെറിയില്‍ എരിഞ്ഞടങ്ങുന്ന ഗാസയ്‌ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ ഓസ്‌ട്രേലിയ. 82.5 ദശലക്ഷം ഡോളറാണ് പുതുതായി പ്രഖ്യാപിച്ചത്. നേരത്തെയും ഗാസയ്‌ക്ക് ഓസ്‌ട്രേലിയ ധനസഹായം നല്‍കിയിരുന്നു. 6.8 ദശലക്ഷം ഡോളറാണ് നേരത്തെ ഓസ്‌ട്രേലിയ നല്‍കിയത്.

പുതിയ ധനസഹായം ഗാസയിലെ സ്‌ത്രീകളുടെയും കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് ഓസ്‌ട്രേലിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് സഹായകമാകുന്ന തരത്തില്‍ യൂനിസെഫ്‌ വഴിയാണ് സഹായം കൈമാറുകയെന്നും സര്‍ക്കാര്‍ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധവെറിയില്‍ എല്ലാം നഷ്‌ടപ്പെട്ടവര്‍ക്ക് വേഗത്തില്‍ മാനുഷിക സഹായം ലഭ്യമാക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം.

കുടിയിറക്കപ്പെട്ട പലസ്‌തീനികള്‍ക്ക് ഇടിത്തീയായി വെള്ളപ്പൊക്കം:ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധത്തിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. വിവിധയിടങ്ങളിലായി ഇവര്‍ ക്യാമ്പ് ചെയ്യുകയാണിപ്പോള്‍. എന്നാല്‍ പലസ്‌തീനില്‍ മഴക്കാലമെത്തിയതോടെ സുരക്ഷിതയിടമെന്ന് കരുതിയ ക്യാമ്പില്‍ അത് ദുരിത പെയ്‌ത്തായി. കനത്ത മഴയില്‍ മുവാസി ക്യാമ്പില്‍ വെള്ളം കയറി. മഴക്കൊപ്പം പെയ്‌തിറങ്ങിയ ദുരിതത്തെ അതിജീവിക്കാന്‍ പാടുപെടുകയാണിപ്പോള്‍ പലസ്‌തീനികള്‍.

കനത്ത മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ക്യാമ്പ് വെള്ളത്തിലായി. രാവിലെ ഉറക്കമുണര്‍ന്നത് തങ്ങളുടെ ക്യാമ്പിലേക്ക് മഴവെള്ളം ഇരച്ച് കയറിയതോടെയാണെന്ന് ഗാസ സിറ്റിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട റാണ ഗോസാത് പറഞ്ഞു. ഇത് ശൈത്യ കാലത്തിന്‍റെ തുടക്കമാണ്. വരും നാളുകളില്‍ തങ്ങള്‍ എന്ത് ചെയ്യുമെന്ന് അറിയില്ലെന്ന് ബൈത്ത് ലാഹിയയിൽ നിന്ന് കുടിയിറക്കപ്പെട്ട സുഹൈൽ അൽ ബറാവി പറയുന്നു.

നിലവില്‍ മഴ തകര്‍ത്ത് പെയ്യുമ്പോള്‍ ക്യാമ്പിലെ ജനങ്ങള്‍ വെള്ളക്കെട്ട് ഇല്ലാതാക്കാന്‍ മണലുകൊണ്ട് തടയണ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. സാധാരണ എല്ലായിടങ്ങളിലെയും ജനങ്ങള്‍ മഴ പെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങള്‍ക്ക് മഴ നല്‍കരുതെന്നാണ് പ്രാര്‍ഥനയെന്ന് ബറാവി പറയുന്നു.

ഐക്യരാഷ്‌ട്ര സഭയുടെ കണക്ക് അനുസരിച്ച് ഇസ്രയേല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ 90 ശതമാനം പലസ്‌തീനികള്‍ക്ക് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

ബെയ്റൂട്ടിലെ വ്യോമാക്രമണത്തെ പ്രശംസിച്ച് യോവ് ഗാലന്‍റ്: ലെബനനിലെ വ്യോമാക്രമണത്തെ പ്രശംസിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. പലസ്‌തീനില്‍ ബന്ധികളാക്കപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 22) മിലിട്ടറിയുടെ നോർത്തേൺ കമാൻഡ് ആസ്ഥാനം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആക്രമണങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഇസ്രയേലികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. ഹിസ്‌ബുള്ളയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നതെന്നും മന്ത്രി യോവ് ഗാലന്‍റ് കൂട്ടിച്ചേര്‍ത്തു.

Also Read:'ഗാസയിലെ സാഹചര്യത്തില്‍ ആശങ്ക'; പലസ്‌തീൻ പ്രസിഡൻ്റുമായി കൂടിക്കാഴ്‌ച നടത്തി മോദി

ABOUT THE AUTHOR

...view details