ദോഹ: ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചകളുടെ മധ്യസ്ഥശ്രമങ്ങള്‍ നിര്‍ത്തിയെന്ന് ഖത്തര്‍. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇരുവിഭാഗവും സന്നദ്ധത പ്രകടിപ്പിക്കുന്ന സമയം മധ്യസ്ഥശ്രമം തുടരുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാധാന ചർച്ചകളിൽ ക്രിയാത്മകമായി ഇടപെടാൻ ഇരുപക്ഷവും വിസമ്മതിച്ച സാഹചര്യത്തിലാണ് ഖത്തറിന്‍റെ നീക്കം.
'സമാധാന ചര്‍ച്ചകളില്‍ ആത്മാര്‍ഥതയോടെ പങ്കെടുക്കാൻ രണ്ട്പക്ഷവും തയ്യാറാകാത്തിടത്തോളം മധ്യസ്ഥ ചര്‍ച്ചയില്‍ തുടരാനാകില്ല, ഇക്കാര്യം ഇസ്രയേലിനെയും ഹമാസിനെയും അറിയിച്ചിട്ടുണ്ട്' എന്നാണ് ഖത്തര്‍ നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദോഹയിലെ ഹമാസ് ഓഫിസും ഇക്കാര്യത്തിനായി ഇനി പ്രവര്‍ത്തിക്കില്ല. പിന്മാറ്റ വിവരം യുഎസിനെയും ഖത്തര്‍ അറിയിച്ചതായി സിഎൻഎൻ ഉള്‍പ്പടെ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസിനും ഈജിപ്‌തിനുമൊപ്പം മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. വെടിനിര്‍ത്തല്‍, ബന്ദിമോചനം എന്നീ ആവശ്യങ്ങള്‍ക്ക് മാസങ്ങളായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഫലമുണ്ടായിട്ടില്ല.
Also Read : ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ യുഎൻ സമാധാനപാലകർക്ക് പരിക്ക്