പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പൊലീസ് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല പൊലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. പൊലീസുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലക്കൽ തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.
തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുഗമമായ ദർശനത്തിനും ട്രാഫിക് നിയന്ത്രണം, വാഹന പാർക്കിങ് തുടങ്ങിയ കാര്യങ്ങളുടെ ക്രമീകരണത്തിനും ആവശ്യമായ പൊലീസ് സേവനം ലഭ്യമാക്കുന്നത് ഉറപ്പാക്കിയതായി പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവടങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ബാരക്കുകൾ തയാറാക്കി. ഇവർക്കുള്ള മെസ്സ് സൗകര്യവും ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിച്ചു.
സന്നിധാനത്ത് കൺട്രോൾ റൂം 14-ന് പ്രവർത്തന സജ്ജമാകും. ഓരോ കമ്പനി ആർഎഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും. ഇവരെ സന്നിധാനം പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും.
പൊലീസ് ഉദ്യോഗസ്ഥരുടെ ആദ്യ സംഘം 14 ന് ഉച്ചയ്ക്ക് ചുമതലയേൽക്കും. ആദ്യ ഘട്ടത്തിലെ സന്നിധാനം സ്പെഷ്യൽ ഓഫിസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്‌പി കെഇ ബൈജുവിനെ നിയമിച്ചു.
പമ്പ എസ്ഒ ആയി സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്‌പി ടി ഫെറാഷും, നിലക്കൽ എസ്ഒ ആയി കൊല്ലം പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ്‌പി എസ് സുരേഷ് കുമാറും (സീനിയർ) നിയമിതാരായിട്ടുണ്ട്.
താൽക്കാലിക പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം 13ന് തുടങ്ങും. സന്നിധാനം നിലക്കൽ വടശ്ശേരിക്കര എന്നിവടങ്ങളിൽ നവംബർ 13ന് താൽക്കാലിക പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കും. അടുത്ത വർഷം ജനുവരി 20 വരെ ഇവ പ്രവർത്തിക്കും.
ഇവിടങ്ങളിലേക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞതായും ജില്ല പൊലീസ് മേധാവി പറഞ്ഞു. സുഗമമായ ദർശനം, മികച്ച ഗതാഗത നിയന്ത്രണം, ക്രമസമാധാന പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് സേവനം കാര്യക്ഷമമായി തുടരും.
ഈ മാസം 13 മുതൽ ഡിസംബർ 17 വരെയുള്ള ആദ്യ ഘട്ടത്തിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് താൽക്കാലിക പൊലീസ് സ്റ്റേഷനുകളിലേക്ക് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.
മൂന്നിടങ്ങളിലെയും എസ്എച്ച്‌ഒമാർക്ക് 13 മുതൽ ഡിസംബർ 2 വരെയുള്ള 20 ദിവസത്തേക്കാണ് നിയമനം. സന്നിധാനത്ത് തിരുവല്ല എസ്‌ഐ അനൂപ് ചന്ദ്രനും നിലയ്ക്കലിൽ അടൂർ എസ്‌ഐ ബാലസുബ്രഹ്മണ്യനും, വടശ്ശേരിക്കരയിൽ കൊടുമൺ എസ്ഐ വിപിൻ കുമാറും എസ്‌എച്ച്‌ഒമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്.
വിവിധ റാങ്കിലുള്ള 20 പൊലീസുദ്യോഗസ്ഥരെ സന്നിധാനത്തും, 16 പേരെ നിലയ്ക്കലും, 12 പേരെ വടശ്ശേരിക്കരയിലും നിയമിച്ചു. ക്യൂ എം സ്റ്റോർ, ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ്, സിസിടിവി എന്നിവയിലേക്കും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ല പൊലീസ് മേധാവി അറിയിച്ചു.
പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുടങ്ങി
സന്നിധാനം, പമ്പ, നിലയ്ക്കൽ, ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് പരിസര പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി പൊലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലുള്ള നടപടികൾ ഉദ്ദേശിച്ചുള്ള കണ്ട്രോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിക്ക് പ്രവർത്തനോദ്ഘാടനം ജില്ല പൊലീസ് മേധാവി നിർവഹിച്ചു. ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തനക്ഷമായിരിക്കും. ഇവിടേക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊലീസ് പ്രവർത്തനങ്ങളുടെ ഏകോപനവും, അതിവേഗത്തിലുള്ള നടപടികളും ഉറപ്പാക്കുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
അഡിഷണൽ എസ്‌പി ആർ ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്‌ഐ ശ്രീകുമാർ സ്വാഗതവും എഎസ്ഐ ശ്രീകുമാർ നന്ദിയും പറഞ്ഞു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ എ വിദ്യാധരൻ, നർകോട്ടിക് സെൽ ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ, ഡിസിആർബി ഡിവൈഎസ്‌പി റോബർട്ട് ജോണി, ഡിപിഒഎഎ സുരേഷ് കുമാർ, പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിസന്‍റ് ബിഎസ് ശ്രീജിത്ത്, പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് വി പ്രദീപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങൾക്കും സഹായങ്ങൾക്കും 14432 എന്ന പൊലീസ് ഹെൽപ്‌ലൈൻ നമ്പരിൽ വിളിക്കാം. കണ്ട്രോൾ റൂം അലേർട്ട് നമ്പരും നിലവിൽ വന്നിട്ടുണ്ട്, 9497931290. കണ്ട്രോൾ റൂം ഇമെയിൽ ഐ ഡി sppta.pol@kerala.gov.in.
Also Read: ശബരിമല കയറാന്‍ ബുദ്ധിമുട്ടുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഡിഎംഒ