ബിൻ്റ് ജെബെയിൽ (ലെബനൻ):തെക്കൻ ലെബനനിൽ മോട്ടോർസൈക്കിളിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ചയാണ് ബിൻ്റ് ജെബെയിൽ പട്ടണത്തിലെ ആശുപത്രി പ്രവേശന കവാടത്തിന് സമീപം ആക്രമണം നടന്നത്. മോട്ടോർ സൈക്കിൾ ഡ്രൈവറും ആശുപത്രി സുരക്ഷ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഡ്രൈവർ ആരാണെന്നോ എന്തിനാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നോ വ്യക്തമല്ല. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, തെക്കൻ ലെബനനിലെ മറ്റ് പ്രദേശങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗാസയിൽ ഇസ്രയേൽ - ഹമാസ് യുദ്ധം ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞ്, ഒക്‌ടോബർ 8 മുതൽ ലെബനീസ് തീവ്രവാദി ഗ്രൂപ്പായ ഹിസ്‌ബുള്ള, അതിർത്തി പ്രദേശത്ത് ഇസ്രയേൽ സേനയുമായി മിക്കവാറും എല്ല ദിവസവും ആക്രമണം നടത്തുന്നുണ്ട്. ലെബനീസ് തീവ്രവാദി ഗ്രൂപ്പുകൾക്കുള്ള ഇസ്രയേൽ സൈന്യത്തിന്‍റെ മറുപടിയാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തിൽ.
ആക്രമണത്തിൽ പ്രദേശത്തെ ഒമ്പതോളം സാധാരണക്കാർക്ക് പരിക്കേറ്റതായി ബിൻ്റ് ജെബെയിലിലെ സലാ ഘണ്ടൂർ ഹോസ്‌പിറ്റൽ ഡയറക്‌ടർ മുഹമ്മദ് സുലൈമാൻ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ പിന്നീട് അറിയിച്ചു. ആക്രമണത്തിൽ ആശുപത്രിക്കും ചെറിയ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്.