ടെൽ അവീവ് :അടിയന്തര ഘട്ടങ്ങളില്‍ ഗോതമ്പ് ഉറപ്പാക്കുന്നതിന് റൊമാനിയയുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ച് ഇസ്രയേല്‍. പകരമായി ഇസ്രയേൽ റൊമാനിയയ്ക്ക് കാർഷിക സാങ്കേതിക വിദ്യയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറും. അടിയന്തര സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിനാണ് ഇസ്രയേലിന്‍റെ നീക്കം. കൃഷി മന്ത്രി അവി ഡിച്ചർ, റൊമാനിയൻ ഉദ്യോഗസ്ഥരുമായി ബുച്ചാറെസ്റ്റിൽ ഞായറാഴ്‌ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആഗോള അനിശ്ചിതത്വത്തിന്‍റെയും ഭൗമരാഷ്‌ട്രീയ സംഘട്ടനങ്ങളുടെയും കാലഘട്ടത്തിൽ ഉത്ഭവിച്ച ഈ കരാർ ഇസ്രയേലിന് അടിയന്തര ഘട്ടങ്ങളിൽ അധിക ഇറക്കുമതിയിലൂടെ സുരക്ഷിതത്വം നല്‍കുമെന്നാണ് കരാര്‍ ഒപ്പുവെച്ച ശേഷം ഡിച്ചർ പറഞ്ഞത്.
റൊമാനിയൻ കൃഷി മന്ത്രി ഫ്ലോറിൻ-ഇയോനട്ട് ബാർബു, റൊമാനിയൻ ജൂത കമ്മ്യൂണിറ്റി നേതാവ് സിൽവിയു വെക്സ്ലർ, ഇസ്രയേൽ-റൊമാനിയ ചേംബർ ഓഫ് കൊമേഴ്‌സ് നേതാക്കൾ എന്നിവരുമായും അവി ഡിച്ചർ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, മൊറോക്കോ എന്നിവയുമായും ഇസ്രയേലിന് സമാന കരാറുകളുണ്ട്. ആഗോള ഗോതമ്പ് ക്ഷാമത്തെ പ്രതിരോധിക്കാനായി ഇസ്രയേല്‍ നടപ്പിലാക്കുന്ന പദ്ധതി 'ട്രീറ്റ് ദ വീറ്റ്' എന്നപേരിലാണ് അറിയപ്പെടുന്നത്. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടര്‍ന്ന് ഉടലെടുത്ത ഗോതമ്പ് ക്ഷാമത്തെ പ്രതിരോധിക്കാനാണ് ഇതുവഴി ഇസ്രയേല്‍ ലക്ഷ്യം വയ്‌ക്കുന്നത്.
അതേസമയം, ഉത്പാദനത്തിലും മാനവവിഭവശേഷിയിലും ഇസ്രയേലിന്‍റെ കാര്‍ഷിക മേഖല ഭീമമായ നഷ്‌ടം നേരിടുകയാണ്. ഒക്‌ടോബർ 7-ന് മുമ്പ്, 29,900 വിദേശികൾ കാര്‍ഷിക ജോലിയുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ ഉണ്ടായിരുന്നു. ഇവരില്‍ കൂടുതലും തായ്‌ലൻഡില്‍ നിന്നുള്ളവരായിരുന്നു. ഫാമുകളിലും തോട്ടങ്ങളിലും ഹരിതഗൃഹങ്ങളിലും പാക്കിങ് പ്ലാൻ്റുകളിലുമൊക്കെയാണ് ഇവര്‍ ജോലി ചെയ്‌തിരുന്നത്.
എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലസ്‌തീൻ തൊഴിലാളികളെ വിലക്കിയിരുന്നു. ഇസ്രയേലി തൊഴിലാളികളെ സൈനിക റിസര്‍വ് ഡ്യൂട്ടിക്ക് വിളിച്ചതോടെ ഇവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ നിലവില്‍ ഇസ്രയേൽ, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ എത്തിച്ച് കൊണ്ടിരിക്കുകയാണ്.
Also Read :വെടിനിര്‍ത്തല്‍ കരാർ അംഗീകരിച്ച് ഹമാസ്; പ്രതീക്ഷയോടെ ലോകം - Hamas Accepts Ceasefire Proposal