ഗാസ: അടുത്ത ആഴ്‌ച തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി നെതന്യാഹു ചൊവ്വാഴ്‌ച അറിയിച്ചു. ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡന്‍റ് ആയതിന് ശേഷം വൈറ്റ്ഹൗസിലെത്തുന്ന ആദ്യ വിദേശ നേതാവായി നെതന്യാഹു മാറും.
'ഇസ്രയേലിലും അയല്‍ രാജ്യങ്ങളിലും സമാധാനം കൊണ്ടുവരാനും തങ്ങളുടെ പൊതുശത്രുക്കളെ എങ്ങനെ നേരിടാമെന്ന് ചര്‍ച്ച ചെയ്യാനും ട്രംപ് ആഗ്രഹിക്കുന്നു' എന്ന വൈറ്റ് ഹൗസിന്‍റെ കത്താണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തുവിട്ടത്. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്‌ചക്ക് ഒരുങ്ങുന്നത്.
ആറാഴ്‌ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിന്‍റെ പതിനാറാം ദിനമായ ഫെബ്രുവരി നാലിന് രണ്ടാംഘട്ടത്തിനായുള്ള ചർച്ച നടക്കും. അതേസമയം, സമാധാന ചര്‍ച്ചയുമായി ആണോ ട്രംപും നെതന്യാഹുവും മുന്നോട്ടുപോകുക, അതോ ഗാസയില്‍ വീണ്ടും ചോരക്കളം തീര്‍ക്കുമോ എന്നതിലും ആശങ്കയുണ്ട്.
കാരണം, മുൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ എടുത്തുകളഞ്ഞിരുന്നു. 2,000 പൗണ്ട് ബോംബുകൾ ഇസ്രയേലിന് നൽകാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇസ്രയേലിനു ബോംബുകൾ നൽകാൻ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് ട്രംപ് സൈന്യത്തിന് നൽകിയ നിർദേശം. വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ട്രംപിന്‍റെ നീക്കം. യുഎസ് സൈനിക സഹായം ഏറ്റവും കൂടുതൽ ലഭിക്കുന്ന രാജ്യമാണ് ഇസ്രയേൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതുകൊണ്ട് തന്നെ ഫെബ്രുവരി നാലിന് നടക്കുന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്‌ച നിര്‍ണായകമാണ്. ട്രംപ് അധികാരത്തിലെത്തുന്നതിന് മുമ്പ് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്നും യുദ്ധം അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ തുടരാൻ ട്രംപ് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടുപോകില്ല എന്നാണ് ഇസ്രയേല്‍ തീരുമാനമെങ്കിലും ട്രംപ് പിന്തുണയ്‌ക്കുമെന്നും വേണ്ടത്ര ആയുധങ്ങള്‍ ഇസ്രയേലിന് കൈമാറുമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.