കേരളം

kerala

ETV Bharat / international

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇസ്രയേല്‍ - Mohammed Deif Killed - MOHAMMED DEIF KILLED

ജൂലൈ 13ന് അൽ മവാസി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടത്. ബോംബിങ്ങില്‍ നിരവധി കെട്ടിടങ്ങൾ നിലം പതിച്ചു. 90 പേർ കൊല്ലപ്പെട്ടു.

MOHAMMED DEIF  മുഹമ്മദ് ദീഫ് കൊല്ലപ്പെട്ടു  ഹമാസ് മിലിട്ടറി വിങ് നേതാവ്  ഇസ്രായേൽ ആക്രമണം
Hamas Military Wing's Leader Mohammed Deif (AFP)

By ETV Bharat Kerala Team

Published : Aug 1, 2024, 4:09 PM IST

ജറുസലേം: ഹമാസ് സൈനിക വിഭാഗത്തിന്‍റെ തലവൻ മുഹമ്മദ് ദെയ്‌ഫ് ഗാസയില്‍ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം. ജൂലൈ 13ന് അൽ മവാസി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടത്. ബോംബിങ്ങില്‍ നിരവധി കെട്ടിടങ്ങൾ നിലം പതിച്ചു. 90 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ദെയ്‌ഫിനെ ലക്ഷ്യമാക്കിയുള്ള ആക്രമണമാണ് നടന്നതെന്നത് ഹമാസ് നിഷേധിച്ചു. ഭീകരമായ കൂട്ടക്കൊലയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഇതെന്നും അവര്‍ ആരോപിച്ചു. അതേസമയം, മുഹമ്മദ് ദെയ്‌ഫിന്‍റെ മരണം തങ്ങള്‍ സ്ഥിരീകരിക്കുന്നുവെന്ന് എക്സിലൂടെയാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ദെയ്‌ഫിനെ നേരത്തെ വധിക്കുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തിരുന്നു. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസിന്‍റെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളിൽ ദെയ്‌ഫ് പ്രധാന പങ്കുവഹിച്ചതായി പറയുന്നു. ഒമ്പത് മാസത്തിലേറെ നീണ്ട യുദ്ധത്തിൽ 38,000 പലസ്‌തീനികളായിരുന്നു കൊല്ലപ്പെട്ടത്.

ആരാണ് മുഹമ്മദ്‌ ദെയ്‌ഫ്

മുഹമ്മദ് ദയാബ് അൽ മസ്രി എന്നാണ് ദെയ്‌ഫിന്‍റെ യഥാർത്ഥ പേര്. 1965ൽ ഖാൻ യൂനിസിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ദെയ്‌ഫ് ജനിച്ചത്. 1980-കളിൽ ഗാസ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിസ്റ്റ് യൂണിയന്‍റെ തലവനായപ്പോഴാണ് ഗാസയിലെ ഹമാസുമായി ആദ്യമായി ഇടപഴകിയത്.

ബയോളജി വിദ്യാർഥിയായി പഠിക്കുകയായിരുന്ന ദീഫ് ഹമാസുമായി അടുത്ത ബന്ധമുള്ള മുസ്‌ലിം ബ്രദർഹുഡുമായി അടുത്തു. പിന്നീടുള്ള 20 വർഷം ഹമാസിന്‍റെ സൈനിക ഓപറേഷനുകളില്‍ ദെയ്‌ഫ് പങ്കാളിയായി. 1989-ൽ ഇസ്രയേൽ അറസ്റ്റ് ചെയ്‌ത ഇയാളെ 16 മാസത്തോളം തടങ്കലിൽ വച്ചതായി ഹമാസ് വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2002ൽ ഹമാസിന്‍റെ സൈനിക വിഭാഗമായ എസെദീൻ അൽ ഖസ്സാം ബ്രിഗേഡിന്‍റെ കമാൻഡറായി ദെയ്‌ഫ് നിയമിതനായി. ദെയ്‌ഫിന്‍റെ മൂന്ന് ഫോട്ടോകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളു.

ഒക്‌ടോബർ ഏഴിന് ദക്ഷിണ ഇസ്രയേലിൽ ഹമാസിന്‍റെ നേതൃത്വത്തിൽ നടന്ന ആക്രമണം ആസൂത്രണം ചെയ്‌തവരില്‍ ഒരാളാണ് ദെയ്‌ഫെന്ന് ഇസ്രയേൽ ആരോപിച്ചു. ആക്രമണങ്ങളിൽ ഏകദേശം 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഇത് 38,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഗാസയ്‌ക്കെതിരായ ഇസ്രയേലിന്‍റെ പ്രതികാര യുദ്ധത്തിന് പ്രേരണയായി.

Also Read:ഹമാസ് തലവന്‍ ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details