ദേർ അൽ-ബലാഹ് (ഗാസ):ഗാസയില്‍ അയവില്ലാതെ ഇസ്രയേലിന്‍റെ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്‌തു. ഇസ്രയേൽ മാനുഷിക മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
ലെബനനിലെ ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേല്‍ ഇന്ന് ആക്രമണം നടത്തി. ബെയ്‌റൂത്തിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലെ ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രദേശത്തെ വീടുകളിൽ ഹിസ്ബുല്ലയുടെ താവളങ്ങളുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വാദം.
ഗാസയിൽ വെടിനിര്‍ത്തലോ മാനുഷിക സഹായമോ ഉടനുണ്ടാകണമെന്ന് യുഎസ് ഇസ്രയേലിനോട് നിഷ്‌കര്‍ഷിച്ചതിനിടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിങ്കളാഴ്‌ച രാത്രി വടക്കൻ ലെബനനിലെ ഐൻ യാക്കൂബ് ഗ്രാമത്തിലും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് സിവിൽ ഡിഫൻസ് അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ നാല് പേർ സിറിയൻ അഭയാർത്ഥികളാണ്. ഈ ആക്രമണത്തെക്കുറിച്ചും ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
സെപ്‌തംബർ അവസാനം മുതൽ ഇസ്രയേൽ ലെബനനിൽ ശക്തമായ ബോംബാക്രമണം നടത്തുകയാണ്. ഹിസ്ബുള്ളയെ തകർക്കാനെന്ന പേരിലാണ് ജനവാസ മേഖലയില്‍ ഇസ്രയേലിന്‍റെ ആക്രമണം.
ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ ഇതിനോടകം 43,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. മരിച്ചവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. സിവിലിയന്മാർക്കിടയിൽ ഒളിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നത് എന്നാണ് ഇസ്രയേലിന്‍റെ വാദം.
2023 ഒക്‌ടോബർ 7 ന് ഹമാസ് തെക്കൻ ഇസ്രായേലില്‍ കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ഏകദേശം 100 ബന്ദികൾ ഇപ്പോഴും ഗാസയിൽ ഉണ്ടെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്.
Also Read:'വാഗ്‌ദാനങ്ങൾ പ്രാവര്‍ത്തികമാക്കി ഇസ്രായേലി ആക്രമണം തടയണം'; അറബ്, മുസ്ലീം രാജ്യങ്ങളോട് ആഹ്വാനം ചെയ്‌ത് ഹമാസ്