ഗാസ മുനമ്പില്‍ നിന്നും പലസ്‌തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി. കര, കടല്‍, വ്യോമയാന മാര്‍ഗങ്ങളിലൂടെ ഇതിനായുള്ള പദ്ധതികള്‍ ഒരുക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഈ തീരുമാനമെന്നും പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്‍റെ ഈ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലുള്ള വലിയൊരു ജനവിഭാഗത്തിന് രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഇത് അനുവദിക്കും. ഹമാസിന് ഏതിരായ ഇസ്രയേലിന്‍റെ സൈനിക നടപടികള്‍ കാരണം പലസ്‌തീനികള്‍ക്ക് പിന്നീടൊരിക്കല്‍ ഗാസയിലേക്ക് മടങ്ങാന്‍ സാധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രി മറുപടിയൊന്നും പറഞ്ഞില്ല.
ഗാസയില്‍ നിന്നെത്തുന്ന പലസ്‌തീനികളെ സ്ഥിരമായി മറ്റൊരിടത്ത് പുനരധിവസിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയില്‍ നിന്നുള്ള പലസ്‌തീനികളുടെ സ്ഥലം മാറ്റം താത്‌കാലികം മാത്രമായിരിക്കുമെന്ന് യുഎസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഗാസയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടാല്‍ അതിന് ശേഷം ഒരിക്കലും സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് വരാല്‍ ഇസ്രയേല്‍ തങ്ങളെ അനുവദിക്കില്ലെന്ന ആശങ്കയിലാണ് പലസ്‌തീനികള്‍. ഇത് അഭയാര്‍ഥികളെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും പലസ്‌തീനികള്‍ കരുതുന്നുണ്ട്.