ദേർ അൽ-ബാല: മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധ കാലം മുതലുള്ള, മധ്യ ഗാസയിലെ അല്‍ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ഇന്ന് (19-05-2024) പുലര്‍ച്ചെ 3 മണിയോടെ ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്. എട്ട് സ്‌ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടതായാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ദേർ അൽ-ബലാഹിലെ അൽ-അഖ്‌സ മാര്‍ട്ടയര്‍ ആശുപത്രി രേഖകൾ പറയുന്നത്.
അതേസമയം യുദ്ധത്തിന് ശേഷം ഗാസ ആര് ഭരിക്കും എന്നതിനെച്ചൊല്ലി ഇസ്രയേൽ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സ്വന്തം യുദ്ധ കാബിനറ്റിൽ നിന്ന് വിമർശനം നേരിട്ടു എന്നാണ് റിപ്പോര്‍ട്ട്. യുദ്ധാനന്തര ഗാസയുടെ കാര്യത്തില്‍ ഒരു പദ്ധതി ജൂൺ 8-നകം ആവിഷ്‌കരിച്ചില്ലെങ്കിൽ സർക്കാർ വിടുമെന്ന് നെതന്യാഹുവിന്‍റെ പ്രധാന രാഷ്‌ട്രീയ എതിരാളിയായ ബെന്നി ഗാന്‍റ്സ് അറിയിച്ചിട്ടുണ്ട്.