ജറുസലേം: ഈ വർഷമാദ്യം ഇറാനിലെ ടെഹ്‌റാനിൽ വച്ച് ഹമാസ് മുൻ മേധാവി ഇസ്‌മായിൽ ഹനിയയെ തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ജൂലൈ അവസാനം ഇറാന്‍റെ തലസ്ഥാനത്ത് വച്ചാണ് ഹനിയയെ കൊലപ്പെടുത്തിയത്. എന്നാല്‍ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുത്ത് രംഗത്തെത്തിയത് ഇതാദ്യമാണ്. ഇസ്രയേല്‍ തന്നെയാണ് ഹനിയയുടെ കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഇസ്രയേല്‍ ഭരണകൂടം ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചത്.
യെമനിലെ ഹൂതികളെ തുടച്ചുനീക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. 'ഞങ്ങൾ ഹൂതികളെ ശക്തമായി ആക്രമിക്കുകയും അവരുടെ നേതൃത്വത്തെ ശിരഛേദം ചെയ്യുകയും ചെയ്യും. ഹനിയ, യഹ്‌യ സിൻവാർ, ഹസൻ നസ്‌റുള്ള എന്നിവരെ ടെഹ്‌റാൻ, ഗാസ, ലെബനൻ എന്നിവിടങ്ങളിൽ വച്ച് ഞങ്ങള്‍ വധിച്ചത് പോലെ, ഹൂതി നേതൃത്വത്തെയും ഞങ്ങള്‍ ഇല്ലാതാക്കും,' എന്ന് കാറ്റ്സ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇസ്രയേലിനെതിരെ കൈ ഉയർത്തുന്ന ആരുടെയും കൈ വെട്ടിമാറ്റുമെന്നും, ഇസ്രയേൽ സൈന്യം ആ ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഗാസയിൽ വെടിനിർത്തലിനായുള്ള ഹമാസിന്‍റെ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഹനിയയെ ജൂലൈ 31 ന് ടെഹ്‌റാനിലെ ഒരു ഗസ്റ്റ്ഹൗസിൽ വച്ചാണ് കൊലപ്പെടുത്തിയത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഹനിയ പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം.
സെപ്‌തംബർ 27 ന് ഇസ്രയേൽ നസ്‌റുല്ലയെ ബെയ്റൂട്ട് ബോംബാക്രമണത്തിൽ വധിച്ചു. ഒക്ടോബർ 16 ന് ഗാസയിൽ ഹനിയയുടെ പിൻഗാമിയായ സിൻവാറിനെയും ഇസ്രയേല്‍ കൊലപ്പെടുത്തി. 2023 ഒക്‌ടോബർ 7ന് യുദ്ധത്തിന് തുടക്കമിട്ട ആക്രമണത്തിന്‍റെ സൂത്രധാരൻ സിൻവാറാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Read Also:ഹമാസിനെതിരെ പുതിയ നീക്കവുമായി ഇസ്രയേൽ; നടപടി ഗാസയിൽ സഹായമെത്തിക്കാനെന്ന് വിശദീകരണം