ഡൽഹി :കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 19 പാകിസ്ഥാൻ ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നേവൽ കമാൻഡോ സംഘം. അറബിക്കടലിൽ വച്ച് സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നാണ് കമാൻഡോ സംഘം പാകിസ്ഥാൻ പൗരരെ രക്ഷപ്പെടുത്തിയത്. സൊമാലിയയുടെ കിഴക്കൻ തീരത്തുവച്ച് നടന്ന പൈറസി വിരുദ്ധ ഓപ്പറേഷനിലൂടെയാണ് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുമിത്ര വിജയകരമായി രക്ഷപ്പെടുത്തിയത്.
കടൽക്കൊള്ളക്കാരിൽ നിന്ന് 19 പാകിസ്ഥാൻ ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നേവി - ബന്ദികളെ മോചിപ്പിച്ച് ഇന്ത്യൻ നേവി
ഇന്ത്യൻ നേവൽ കമാൻഡോ സംഘം അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് 19 പാകിസ്ഥാൻ ജീവനക്കാരെ മോചിപ്പിച്ചു
Published : Jan 30, 2024, 2:14 PM IST
അൽ നഈമി എന്ന മത്സ്യബന്ധന കപ്പലിലെ 19 പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ 11 സോമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇറാൻ പതാകയുള്ള മറ്റൊരു മത്സ്യബന്ധന കപ്പലും കടൽകൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഒരു ദിവസത്തിനുള്ളിൽ ഇന്ത്യൻ നാവികസേന നടത്തിയ രണ്ടാമത്തെ രക്ഷാപ്രവർത്തനമാണിത്. സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലും നടന്ന ഓപ്പറേഷനിൽ 17 അംഗങ്ങളാണ് പങ്കെടുത്തതെന്ന് ഔദ്യോഗിക പ്രസ്‌താവനയിലൂടെ ഇന്ത്യൻ നേവി അറിയിച്ചു.
കടൽക്കൊള്ളക്കാരുടെ കപ്പൽ തടഞ്ഞുനിർത്തിർത്തിയ ശേഷം തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ബോട്ട് കണ്ടെത്തുകയായിരുന്നു. 19 പാകിസ്ഥാൻ ബന്ദികളെയും മത്സ്യബന്ധന ബോട്ടും കൊള്ളക്കാരിൽ നിന്ന് സുരക്ഷിതമായി മോചിപ്പിച്ചു. ബന്ദികളുടെ ശാരീരിക പരിശോധന നടത്തുകയും കപ്പൽ അണുനശീകരണം നടത്തുകയും ചെയ്‌തു.