ഹൂസ്‌റ്റൺ:യുഎസിലെ മോഷണത്തിനിടെയുണ്ടായ വെടിവയ്‌പ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലക്കാരനായ ഗോപീകൃഷ്‌ണ ( 32 ) യാണ് കൊല്ലപ്പെട്ടത്. ടെക്‌സ്‌സിലെ കൺവീനിയൻസ് സ്‌റ്റോറിൽ മോഷ്‌ടിക്കാനെത്തിയ 21 കാരനായ ദാവോന്ത മാത്തിസ് കൗണ്ടറിന് സമീപമെത്തി ഗോപീകൃഷ്‌ണയെ വെടിവക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ജൂൺ 21 ന് രാത്രിയാണ് സംഭവം. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്‌റ്റോർ ക്ലർക്കാണ് ഗോപികൃഷ്‌ണ. ഇയാളുടെ തലയിലടക്കം ഒന്നിലധികം തവണയാണ് പ്രതി വെടി ഉതിർത്തത്. വെടി ഉതിർത്ത് ശേഷം പ്രതി ഓടിപ്പോകുകയായിരുന്നു. സ്‌റ്റോറിൽ നിന്ന് ഓടിപ്പോകുന്നതിന് മുമ്പ് മാത്തിസ് സാധനങ്ങൾ മോഷ്‌ടിച്ചതായി പൊലീസ് പറഞ്ഞു.
ഗുരുതരാവസ്ഥയിലായ ഗോപീകൃഷ്‌ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഓടി രക്ഷപ്പെട്ടെങ്കിലും മാത്തിസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആദ്യം ഇയാൾക്കെതിരെ കവർച്ചയ്ക്ക് കുറ്റം ചുമത്തുകയും, പീന്നീട് ഗോപീകൃഷ്‌ണയുടെ മരണത്തെത്തുടർന്ന് കൊലപാതകമായി വകുപ്പ് ഉയർത്തുകയും ചെയ്‌തു. മാത്തിസിന്‍റെ പെരുമാറ്റം 'വളരെ വിചിത്രമാണ്' എന്ന് മസ്‌ക്വിറ്റ് പൊലീസ് ഓഫീസർ കർട്ടിസ് ഫിലിപ്പ് പറഞ്ഞു. ജൂൺ 20-ന് വാക്കോ നഗരത്തിൽ നടന്ന മറ്റൊരു വെടിവയ്‌പ്പിലും മാത്തിസിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മുഹമ്മദ് ഹുസൈനെന്ന 60 കാരനെ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.