ഒട്ടാവ: കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു മഹാസഭ മന്ദിറില്‍ അതിക്രമിച്ച് കയറി ഖലിസ്ഥാൻ സംഘം ആക്രമണം നടത്തിയതിനെ ശക്തമായി അപലപിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. നവംബർ 2, 3 തീയതികളിൽ വാൻകൂവറിലെയും സറേയിലെയും കോൺസുലർ ക്യാമ്പുകളിൽ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിരുന്നുവെന്നും ഹൈക്കമ്മിഷൻ ചൂണ്ടിക്കാട്ടി.
സാധാരണയായി തങ്ങള്‍ നടത്തുന്ന കൗൺസുലർ പ്രവർത്തനങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് വളരെയധികം നിരാശാജനകമാണ്. ഇന്ത്യൻ പൗരന്മാരെ സുരക്ഷയെ കുറിച്ച് തങ്ങള്‍ വളരെ ഉത്കണ്‌ഠാകുലരാണെന്നും ആരുടെ ആവശ്യപ്രകാരമാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രസ്‌താവനയിലൂടെ ചോദിച്ചു.
ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും നേരെയുള്ള തുടർച്ചയായ ഭീഷണികൾ കണക്കിലെടുത്ത് കനേഡിയൻ സര്‍ക്കാര്‍ കനത്ത സുരക്ഷ ഒരുക്കണമെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ ആവശ്യപ്പെട്ടു.അതേസമയം, ഹിന്ദു മഹാസഭ മന്ദിറില്‍ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ശക്തമായി അപലപിച്ച് ഹിന്ദു കനേഡിയൻ ഫൗണ്ടേഷനും രംഗത്തെത്തി. ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ വീഡിയോ പങ്കുവയ്‌ക്കുകയും ഖലിസ്ഥാൻ ഭീകരർ കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ചെന്നും വ്യക്തമാക്കി.