സംസ്ഥാന സര്‍ക്കാരിന്‍റെ അവസാന കാലത്ത് രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമികയാണ് ജാര്‍ഖണ്ഡ്. ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്‌റ്റിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചര്‍ച്ചയായിരുന്നു.
കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ചംപെയ് സോറന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നെങ്കിലും കൃത്യമായ ഒരു മുന്‍തൂക്കം പ്രവചിക്കപ്പെടാത്തത് ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്.
രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇത് 65.18 ആയിരുന്നു. പോളിങ് ശതമാനം ഉയര്‍ന്നതും ഇരു മുന്നണികള്‍ക്കും ആശ്വാസകരമാണ്.
ജാർഖണ്ഡിലെ പ്രധാന സഖ്യങ്ങള്‍:
ഇന്ത്യ സഖ്യം- ജാർഖണ്ഡ് മുക്തി മോർച്ചയാണ് (ജെഎംഎം) നേതൃസ്ഥാനത്ത്. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദൾ, സിപിഐ (എംഎല്‍) ലിബറേഷന്‍ എന്നിവയാണ് സഖ്യത്തിലുള്ളത്.
നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) - ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദളും (യുണൈറ്റഡ്) മറ്റ് സഖ്യകക്ഷികളും ഉൾപ്പെടുന്നു.
2024 തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രധാന പാര്‍ട്ടികള്‍
മഹാഗത്ബന്ധന്‍ സഖ്യ പാര്‍ട്ടികള്‍ | മത്സരിച്ച സീറ്റുകള്‍ | |
---|---|---|
1. | ജാർഖണ്ഡ് മുക്തി മോർച്ച | 43 |
2. | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 30 |
3. | രാഷ്ട്രീയ ജനതാദൾ | 7 |
4. | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ | 4 |
എന്‍ഡിഎ സഖ്യ പാര്‍ട്ടികള്‍ | മത്സരിച്ച സീറ്റുകള്‍ | |
---|---|---|
1. | ബിജെപി | 68 |
2. | ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ | 10 |
3. | ജനതാദൾ (യുണൈറ്റഡ്) | 2 |
4. | ലോക് ജനശക്തി പാർട്ടി (രാം വിലാസ്) | 1 |
2019 തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളുമായി യുപിഎ സഖ്യമാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലേറിയത്. എന്‍ഡിഎ സഖ്യത്തിന് അന്ന് 25 സീറ്റുകള്‍ ലഭിച്ചു.
പാര്‍ട്ടിയും സഖ്യങ്ങളും | വിജിച്ച സീറ്റുകള്‍ | |
---|---|---|
1. | ജാർഖണ്ഡ് മുക്തി മോർച്ച | 30 |
2. | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് | 16 |
3. | ബിജെപി | 25 |
4. | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ | 1 |
5. | ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ | 2 |
6. | ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതന്ത്രിക്) | 3 |
7. | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | 1 |
8. | സ്വതന്ത്രര്‍ | 2 |
ഭൂമി കുംഭകോണവും മുഖ്യമന്ത്രിയുടെ അറസ്‌റ്റും:
ജാര്‍ഖണ്ഡ് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അറസ്‌റ്റ്. ഈ വര്‍ഷം ജനുവരി 31ന് ആണ് ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. അറസ്‌റ്റിലാകുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറന് പകരം ജെഎംഎമ്മിന്‍റെ മുതിര്‍ന്ന നേതാവും ഹേമന്ത് സോറന്‍റെ വിശ്വസ്‌തനുമായിരുന്ന ചംപെയ് സോറന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
149 ദിവസത്തെ കസ്‌റ്റഡിക്ക് ശേഷം ജൂൺ 29 ന് ഹേമന്ത് സോറന്‍ ജാമ്യത്തിൽ പുറത്തിറങ്ങി. ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതോടെ ചംപെയ് സോറന്‍ സ്ഥാനം ഒഴിഞ്ഞു നല്‍കി. എന്നാല്‍ അതൃപ്‌തനായ ചംപെയ് സോറന്‍ ജെഎംഎം വിട്ട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
2019ലെ ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ജെഎംഎം 30 സീറ്റുകളും കോൺഗ്രസ് 16 സീറ്റുമാണ് നേടിയത്. അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 8 സീറ്റുകളുമായി ബിജെപി മുന്നിട്ടുനിന്നു. ജെഎംഎം പാര്‍ട്ടിക്ക് 3 സീറ്റുകളും കോൺഗ്രസിന് 2 സീറ്റുകളുമാണ് സംസ്ഥാനത്ത് ലഭിച്ചത്.