പെഷവാര്‍: പാകിസ്ഥാനില്‍ യാത്രാവാഹനങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ ഖുറാം ജില്ലയില്‍ വ്യാഴാഴ്‌ചയാണ് ആയുധധാരികളുടെ ആക്രമണം. മുസ്‌ലിം ന്യൂനപക്ഷമായ ഷിയ സമുദായത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരാച്ചിനാറില്‍ നിന്നും പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ആറ് വനിതകള്‍ ഉള്‍പ്പടെ 38 പേര്‍ കൊല്ലപ്പെട്ടതായും 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ പത്ത് പേരുടെ നില അതീവഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. മേഖലയില്‍ മുസ്‌ലിം ഭൂരിപക്ഷമായ സുന്നി വിഭാഗവും ന്യൂനപക്ഷമായ ഷിയ വിഭാഗവും തമ്മില്‍ സമീപ മാസങ്ങളിലായി വിഭാഗീയ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ക്ക് ജീവൻ നഷ്‌ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആഴ്‌ചകളായി അടച്ചിട്ടിരുന്ന മേഖലയിലെ പ്രധാന ഹൈവേ തുറന്ന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് പുതിയ ആക്രമണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആക്രമണത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രസിഡൻ്റ് ആസിഫ് അലി സർദാരിയും അപലപിച്ചു. നിരപരകാധികളായ സാധാരണക്കാരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഷെരീഫ് അറിയിച്ചു.
ഒരു വാഹനത്തില്‍ നിന്നും നാല് തോക്കുധാരികളിറങ്ങിയാണ് ബസുകള്‍ക്കും കാറുകള്‍ക്കും നേരെ വെടിയുതിര്‍ത്തതെന്ന് സംഭവത്തിന് സാക്ഷിയായ 35കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 40 മിനിറ്റ് നേരത്തോളം വെടിവെപ്പ് തുടര്‍ന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒക്‌ടോബറിലും മേഖലയില്‍ സമാനമായ ആക്രമണം നടന്നിട്ടുണ്ട്. അന്ന് സ്ത്രീകളും കുട്ടികളുമടക്കം 16 പേരാണ് കൊല്ലപ്പെട്ടത്. സെപ്‌റ്റംബറില്‍ ഭൂമി തര്‍ക്കത്തെ ചൊല്ലി ഷിയ, സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 50ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Also Read : ആണവ യുദ്ധത്തിന് വഴിതുറക്കുന്നോ? റഷ്യ ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈൽ പ്രയോഗിച്ചെന്ന് യുക്രെയ്‌ന്‍