യുഎന്‍ :ഐക്യരാഷ്‌ട്ര സഭയില്‍ പൂര്‍ണ അംഗമാകാനുള്ള പലസ്‌തീന്‍റെ ശ്രമത്തെ പിന്തുണയ്‌ക്കുന്ന യുഎന്‍ജിഎ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ. വെള്ളിയാഴ്‌ചയാണ് (മെയ് 10) ഇതുസംബന്ധിച്ചുള്ള പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്‌തത്. ഇന്ത്യയുടേത് ഉള്‍പ്പടെ 143 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. അതേസമയം 9 പേര്‍ പ്രമേയത്തെ എതിര്‍ത്തു. 25 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്‌തു.
പ്രമേയത്തിന് അനുകൂല വോട്ടുകള്‍ ലഭിച്ചതോടെ സെപ്‌റ്റംബറില്‍ നടക്കാനിരിക്കുന്ന ജനറല്‍ അസംബ്ലിയുടെ 79ാമത് സെഷന്‍ മുതല്‍ പലസ്‌തീന് പ്രത്യേക അവകാശങ്ങളും അധിക അവകാശങ്ങളും പ്രാബല്യത്തില്‍ വരും. പ്ലീനറിയിലും ജനറൽ അസംബ്ലിയുടെ പ്രധാന കമ്മിറ്റികളിലും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടാനും യുഎൻ കോൺഫറൻസുകളിലും അന്താരാഷ്‌ട്ര കോൺഫറൻസുകളിലും പങ്കെടുക്കാനും അക്ഷരമാല ക്രമത്തില്‍ ഇരിക്കാനും ഉള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
വെള്ളിയാഴ്‌ച (മെയ് 10) രാവിലെയാണ് 193 അംഗ ജനറല്‍ അസംബ്ലി യുഎന്‍ജിഎ ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നത്. യുഎഇയാണ് പലസ്‌തീന് യുഎന്നില്‍ പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം അവതരിച്ചത്. ഇതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തു. യുഎന്‍ ചാര്‍ട്ടറിന്‍റെ ആര്‍ട്ടിക്കിള്‍ 4 അനുസരിച്ച് പലസ്‌തീന് യുഎന്നില്‍ അംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രമേയം നിര്‍ണയിച്ചു. വോട്ടെടുപ്പിന് പിന്നാലെ യുഎന്‍ഡിഎ ഹാളില്‍ കരഘോഷം മുഴങ്ങി.