ബിലാസ്‌പൂർ: സ്‌റ്റേഷൻ മാസ്‌റ്ററുടെ ഭാര്യയുടെ മാനസിക പീഡനം മൂലം ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് ഒറ്റ ദിവസം കൊണ്ടുണ്ടായത് 3 കോടി രൂപയുടെ നഷ്‌ടം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സ്‌റ്റേഷൻ മാസ്‌റ്ററുടെ ഒറ്റ 'OK' ട്രെയിന്‍ സംവിധാനം താളം തെറ്റിച്ചത്.
2012 ജൂണിലെ ഒരു രാത്രി വിശാഖപട്ടണത്താണ് സംഭവം. വിശാഖപട്ടണം സ്വദേശിയായ വെങ്കട്ടഗിരി റാവുവാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജോലിക്കിടെ വെങ്കിട്ടഗിരിയെ ഭാര്യ വിളിച്ചു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തർക്കം അതിരൂക്ഷമായി. ഒടുവില്‍ 'ഒകെ' എന്ന് പറഞ്ഞ് വെങ്കട്ടഗിരി ഭാര്യയുമായുള്ള കോള്‍ അവസാനിപ്പിച്ചു.
എന്നാല്‍ ഇതേസമയം ഒരു സിഗ്നൽ മാനുമായും വെങ്കിട്ടഗിരി മറ്റൊരു ലൈനിൽ സംസാരിക്കുന്നുണ്ടായിരുന്നു. വെങ്കിട്ടഗിരി ഭാര്യയോട് 'ഒകെ' എന്ന് പറഞ്ഞത് സിഗ്നൽ മാൻ തന്നോടാണെന്ന് തെറ്റിദ്ധരിച്ചു. സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ട്രെയിനിനുള്ള സിഗ്നൽ നല്‍കിയതാണെന്നാണ് അദ്ദേഹം കരുതിയത്.
രാത്രി 10 മുതൽ രാവിലെ 6 വരെ ട്രെയിൻ ഗതാഗതം നിരോധിച്ചിരിക്കുന്ന നിയന്ത്രിത നക്‌സൽ മേഖലയിലേക്കാണ് സിഗ്നല്‍ മാന്‍ ട്രെയിൻ അയച്ചത്. തുടര്‍ന്ന് റെയിൽവേക്ക് 3 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായി. വെങ്കിട്ടഗിരി റാവുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് വീട്ടില്‍ നിന്നുള്ള നിരന്തരമായ മാനസിക പിരിമുറുക്കം താങ്ങാനാവാതെ സ്‌റ്റേഷൻ മാസ്‌റ്റർ വെങ്കിട്ടഗിരി റാവു ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി വിശാഖപട്ടണം കുടുംബ കോടതിയെ സമീപിച്ചു. ഭാര്യ സുപ്രീം കോടതിയില്‍ ഹർജി നൽകി. ഇതോടെ സുപ്രീം കോടതി ഇടപെട്ട് ദുർഗ് കുടുംബ കോടതിയിലേക്ക് കേസ് മാറ്റി. വെങ്കിട്ടഗിരി റാവുവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭാര്യ സ്‌ത്രീധന പീഡന ആരോപണം ഉന്നയിച്ചാണ് പരാതി നല്‍കിയിരുന്നത്. എന്നാൽ ഹർജികൾ കോടതി തള്ളി.
പിന്നീട് വെങ്കിട്ടഗിരി റാവു ഛത്തീസ്‌ഗഡ് ഹൈക്കോടതിയെ സമീപിച്ചു. ദമ്പതികള്‍ തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങൾ വെങ്കിട്ടഗിരിയുടെ മനസ്സമാധാനത്തെ വളരെക്കാലമായി ബാധിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. റെയില്‍വേയ്ക്ക് നഷ്‌ടം വരുത്തിവെച്ച സംഭവം അത്തരം നിരവധി തർക്കങ്ങളിൽ ഒന്ന് മാത്രമായിരുന്നു എന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഒടുവില്‍ ഇക്കഴിഞ്ഞ നവംബർ 5 ന്, ബിലാസ്‌പൂർ ഹൈക്കോടതി സ്‌റ്റേഷന്‍ മാസ്‌റ്ററുടെ വിവാഹമോചന ഹർജി സ്വീകരിച്ചു. ഭാര്യയുടെ പെരുമാറ്റം മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.
സ്‌ത്രീധന പീഡനം ആരോപിക്കുമ്പോഴും സ്‌ത്രീധന തുക എപ്പോൾ, എങ്ങനെ നൽകിയെന്ന് തെളിയിക്കാൻ ഭാര്യക്ക് കഴിഞ്ഞില്ല. സ്‌ത്രീധന പീഡനത്തിലും തെളിവുകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ഈ പെരുമാറ്റം ക്രൂരതയായി കണക്കാക്കുന്നതായി ഛത്തീസ്‌ഗഡ് ഹൈക്കോടതിയിലെ ജസ്‌റ്റിസ് രജനി ദുബെയും ജസ്‌റ്റിസ് സഞ്ജയ് കുമാർ ജയ്‌സ്വാളും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ദുർഗ് കുടുംബ കോടതിയുടെ തീരുമാനം റദ്ദാക്കിയതായും കോടതി അറിയിച്ചു.
Also Read: ഭര്‍ത്താവിനെ 'ഹിജഡ' എന്ന് വിളിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനം ശരിവച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി