കേരളം

kerala

ETV Bharat / international

'ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര യുദ്ധം ഉണ്ടാകും', തീരുവ ചുമത്താനുള്ള ട്രംപിന്‍റെ നീക്കത്തെ എതിര്‍ത്ത് സുഹാസ് സുബ്രഹ്മണ്യം - IMPOSING TARIFFS

ഇന്ത്യയ്‌ക്കുമേല്‍ തീരുവ ചുമത്തുന്നതിനെ താൻ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അത് ഒരു വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്നും യുഎസ് കോൺഗ്രസ് അംഗം ചൂണ്ടിക്കാട്ടി

INDIA USA  SUHAS SUBRAMANYAM  DONALD TRUMP  ഇന്ത്യ അമേരിക്ക
Suhas Subramanyam (AP)

By ETV Bharat Kerala Team

Published : Nov 18, 2024, 3:29 PM IST

വാഷിങ്‌ടണ്‍: ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്താനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്ന് യുഎസ് കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഹാസ് സുബ്രഹ്മണ്യം. പുതിയ ട്രംപ് ഭരണകൂടം ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ താരിഫ് ഏർപ്പെടുത്താനുള്ള സാധ്യതയ്‌ക്കിടയിലാണ് സുബ്രഹ്മണ്യത്തിന്‍റെ പ്രതികരണം. ഇത്തരത്തില്‍ തീരുവ ചുമത്തിയാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര യുദ്ധമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്‌ക്കുമേല്‍ തീരുവ ചുമത്തുന്നതിനെ താൻ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അത് ഒരു വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്നും യുഎസ് കോൺഗ്രസ് അംഗം ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ താരിഫ് ഘടനയെ പരിഹസിക്കുകയും ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾക്ക് നികുതി ചുമത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേൽക്കാനൊരുങ്ങുന്നതോടെ ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ തീരുവ ചുമത്താനാണ് സാധ്യത. ഇതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതികളെ വിമര്‍ശിച്ച് സുഹാസ് സുബ്രഹ്മണ്യം രംഗത്തെത്തിയത്. ഇന്ത്യയിലെ വ്യവസായ മേഖലയെയും അദ്ദേഹം പ്രശംസിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'ഇന്ത്യയിൽ മികച്ച രീതിയില്‍ ധാരാളം ബിസിനസുകൾ ഉണ്ട്, ധാരാളം ഇന്ത്യൻ കമ്പനികൾ യുഎസിലേക്ക് വിപുലീകരിക്കുന്നു. അതിനാൽ നമ്മുടെ രാജ്യങ്ങൾ സാമ്പത്തികമായി എത്രത്തോളം ഒരുമിച്ച് പ്രവർത്തിക്കുന്നുവോ അത്രത്തോളം നമ്മൾ ശക്തരാകും,' എന്ന് സുബ്രഹ്മണ്യം പറഞ്ഞു. അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജനപ്രതിനിധി സഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുന്ന സുബ്രഹ്മണ്യം, ലോകമെമ്പാടും ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്ന ഒരാളാകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണെന്നും, യുഎസ്-ഇന്ത്യ ബന്ധം ഇരു രാജ്യങ്ങൾക്കും വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 38 കാരനായ സുബ്രഹ്മണ്യം യുഎസ് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറാമത്തെ ഇന്ത്യൻ-അമേരിക്കക്കാരനാണ്. സമോസ കോക്കസ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ അമേരിക്കക്കാരായ ഡോ. അമി ബേര, പ്രമീള ജയപാൽ, രാജാ കൃഷ്‌ണമൂർത്തി, റോ ഖന്ന, ശ്രീ താനേദർ എന്നിവർക്കൊപ്പമാണ് സുബ്രഹ്മണ്യത്തെയും തെരഞ്ഞെടുത്തത്. വിർജീനിയയിൽ നിന്നാണ് ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യം വിജയിച്ചത്. നിലവിൽ വിർജീനിയ സ്റ്റേറ്റ് സെനറ്ററാണ് സുബ്രഹ്മണ്യം.

കുടിയേറ്റ സമ്പ്രദായത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഇമിഗ്രേഷനെ കുറിച്ച് താൻ ധാരാളം കേൾക്കുന്നു, പ്രത്യേകിച്ച് എച്ച്-1 ബി വിസയിലുള്ള ആളുകൾ പൗരത്വം എടുക്കാൻ ശ്രമിക്കുന്നു. തങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു ഇമിഗ്രേഷൻ സിസ്റ്റം ഓവർഹോൾ ആവശ്യമാണ്. നിയമപരമായ ഇമിഗ്രേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.

Read Also:'ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കും': ഷി ജിൻപിങ്‌

ABOUT THE AUTHOR

...view details