കേരളം

kerala

ETV Bharat / international

മൊസാദിന്‍റെ ആസൂത്രിത കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നത് ഇങ്ങനെ...; ഇതുവരെ കൊല്ലപ്പെട്ട ഹിസ്‌ബുള്ള നേതാക്കള്‍ - Mossad operations - MOSSAD OPERATIONS

പലസ്‌തീന് മേലുള്ള അധിനിവേശം കൂടാതെ ഇപ്പോള്‍ ലെബനനിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍.

HOW ISRAEL MOSSAD ATTACKS  HEZBOLLAH LEADERS KILLED BY ISRAEL  മൊസാദിന്‍റെ കൊലപാത രീതികള്‍  മൊസാദ് കൊന്ന ഹിസ്‌ബുള്ള നേതാക്കള്‍
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 28, 2024, 6:05 PM IST

ഹൈദരാബാദ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് കൂടുതല്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ് രാജ്യം. പലസ്‌തീന് മേലുള്ള അധിനിവേശം കൂടാതെ ഇപ്പോള്‍ ലെബനനിലേക്കും കടന്നിരിക്കുകയാണ് ഇസ്രയേല്‍. ലക്ഷ്യം ഹിസ്‌ബുള്ള ആണെന്ന് പറയുന്നുണ്ടെങ്കിലും ലെബനനിലെ ഇസ്രയേല്‍ ആക്രമണം സ്‌ത്രീകളും കുട്ടികളുമടക്കം സാധരണ ജനങ്ങളുടെ ജീവനെടുക്കുകയാണ്.

ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റള്ളയെ ഇസ്രയേൽ സൈന്യം വധിച്ചതാണ് ഏറ്റവും ഒടുവിലായി വരുന്ന വാര്‍ത്ത. തെക്ക് ദഹിയയിലെ തങ്ങളുടെ ആസ്ഥാനത്ത് ഹിസ്ബുള്ള നേതാക്കള്‍ യോഗം ചേർന്നപ്പോഴാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ലെബനന്‍ തലസ്ഥാനത്ത് ഇന്നോളമുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണിത്. ആറ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 91 പേര്‍ക്ക് പരിക്കേറ്റതായും ലെബനനിലെ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എങ്ങനെയാണ് മൊസാദ് ആസൂത്രിത കൊലപാതങ്ങള്‍ നടത്തുന്നത്?

കൊല ചെയ്യാനുള്ള ആളെ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞാല്‍, ലഭ്യമായ ഇന്‍റലിജൻസ് വിവരങ്ങള്‍ മൊസാദ് വിലയിരുത്തും. തുടര്‍ന്ന് അതിന് ഏറ്റവും നല്ല മാർഗം അവലംബിക്കും. ഫയൽ ജോലികള്‍ മൊസാദിന്‍റെ പ്രത്യേക യൂണിറ്റ് പൂര്‍ത്തിയാക്കിയ ശേഷം മുതിര്‍ന്ന ഇസ്രയേലി ഇന്‍റലിജൻസ് മേധാവികൾ ഉൾപ്പെടുന്ന VARASH- ന് കൈമാറും.

VARASH- പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്യുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും മാത്രമേ ചെയ്യുകയുള്ളൂ. ഓപ്പറേഷൻ അംഗീകരിക്കാൻ ഈ ഗ്രൂപ്പിന് നിയമപരമായ അധികാരമില്ല.

ഓപ്പറേഷന് അംഗീകാരം നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രിക്ക് മാത്രമാണ് അധികാരം. എന്നാല്‍ രാഷ്‌ട്രീയ വിഷയം കൂടെ ഉള്‍പ്പെടുന്നതിനാല്‍ പ്രധാനമന്ത്രി സാധാരണയായി ഒന്നോ രണ്ടോ മന്ത്രിമാരെ കൂടെ ചര്‍ച്ചകളില്‍ ഉൾപ്പെടുത്തും.

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഓപ്പറേഷൻ ആസൂത്രണത്തിനായി മൊസാദിലേക്ക് എത്തും. ഇവിടെ ആസൂത്രണവും നിർവഹണവും നടക്കും. ഇതിന് പലപ്പോഴും ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം.

സിസേറിയ യൂണിറ്റ്

മൊസാദിനുള്ളിൽ ചാര പ്രവര്‍ത്തനങ്ങളും അണ്ടര്‍കവര്‍ ഓപ്പറേഷന്‍സും ഏകോപിപ്പിക്കുന്നതിനുമുള്ള രഹസ്യ പ്രവർത്തന ശാഖയാണ് സിസേറിയ. പ്രധാനമായും അറബ് രാജ്യങ്ങളിലും മറ്റിടങ്ങളിലും ചാരന്മാരെ നിയന്ത്രിക്കുകയാണ് സിേസറിയയുടെ ലക്ഷ്യം. സിഐഎയുടെ സ്പെഷ്യൽ ആക്‌ടിവിറ്റീസ് സെന്‍ററിന് (എസ്എസി) തുല്യമാണ് സിസേറിയ.

1970 കളുടെ തുടക്കത്തില്‍, ഇസ്രയേലി ചാരനായിരുന്ന മൈക്ക് ഹരാരിയുടെ നേതൃത്വത്തിലാണ് സിസേറിയ യൂണിറ്റ് സ്ഥാപിതമാകുന്നത്. ഹരാരി പിന്നീട് സിസേറിയയുടെ ഏറ്റവും മാരകമായ യൂണിറ്റായ കിഡോൺ (ദി ബയണറ്റ്) സ്ഥാപിച്ചു. കൊലപാതകങ്ങളിലും അട്ടിമറിയിലും വൈദഗ്ധ്യമുള്ള പ്രൊഫഷണൽ കൊലയാളികളാണ് കിഡോണിലുള്ളത്. സൈനിക വിഭാഗത്തില്‍ നിന്നോ പ്രത്യേക സൈനിക വിഭാഗത്തില്‍ നിന്നോ ഒക്കെയാണ് കിഡോണിലേക്ക് തെരഞ്ഞെടുക്കുന്നത്.

പലസ്‌തീന്‍ എഞ്ചിനീയറായ അൽ-ബാത്ഷിനെ ക്വലാലംപൂരിൽ വച്ച് വധിച്ചത് കിഡോൺ അംഗങ്ങളാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിറിയ, ലെബനന്‍, ഇറാൻ തുടങ്ങി യൂറോപ്യന്‍ നേതാക്കളെ വരെ മൊസാദ് ഉന്നംവെച്ചിട്ടുണ്ട്.

അറബ് - മൊസാദ് സഹകരണം

ജോർദാനിയൻ, മൊറോക്കൻ തുടങ്ങിയ അറബ് ചാര ഏജൻസികളുമായി മൊസാദ് കാലങ്ങളായി ബന്ധം പുലർത്തുന്നുണ്ട്. മറ്റ് അറബ് രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളുമായും മൊസാദ് ബന്ധം പുലര്‍ത്തുന്നുണ്ട്. ജോർദാനിന്‍റെ തലസ്ഥാനമായ അമ്മാനില്‍ മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്കായി മൊസാദ് ഒരു പ്രാദേശിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.

2000 വരെയുള്ള കാലഘട്ടത്തില്‍ 500-ല്‍ അധികം കൊലപാതകങ്ങള്‍ മൊസാദ് ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതായാണ് കണക്ക്. ആയിരത്തിലധികം ആളുകളാണ് ഈ ഓപ്പറേഷനുകളുടെ ഭാഗമായി കൊല്ലപ്പെട്ടത്. ഗാസയില്‍ മാത്രം ഇസ്രയേല്‍ 800-ഓളം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.

ഇസ്രയേൽ വധിച്ച പ്രധാന ഹിസ്ബുള്ള നേതാക്കള്‍ ഇവരൊക്കെ..

  1. ഹസന്‍ നസ്‌റള്ള:മൂന്ന് പതിറ്റാണ്ടിലേറെയായി ഹിസ്‌ബുള്ള തലവന്‍. സെപ്‌തംബര്‍ 28-09-2024 ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചു.
  2. മുഹമ്മദ് സ്രൂർ:ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റിന്‍റെ തലവനായിരുന്നു മുഹമ്മദ് സ്രൂർ. സെപ്‌തംബര്‍ 26-ന് ബെയ്റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സ്രൂര്‍ കൊല്ലപ്പെടുന്നത്. 1973-ൽ ആണ് മുഹമ്മദ് സ്രൂർ ജനിച്ചത്.
  3. ഇബ്രാഹിം മുഹമ്മദ് ഖുബൈസി:സെപ്‌തംബര്‍ ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഗൊബെയ്‌രിയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെടുന്നത്.
  4. ഇബ്രാഹിം അഖിൽ: സെപ്‌തംബര്‍ 20 ന് ബെയ്റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിസ്‌ബുള്ള ഓപ്പറേഷൻസ് കമാൻഡറായിരുന്നു. തഹ്‌സിൻ, അബ്‌ദുൽ ഖാദർ എന്നീ അപര നാമങ്ങളിലും അറിയപ്പെട്ടിരുന്നു. 1983 ഏപ്രിലിൽ അമേരിക്കൻ എംബസി ആക്രമിച്ച് 63 പേർ കൊല്ലപ്പെട്ട സംഭവത്തിന്‍റെ സൂത്രധാരനാണ് ഇയാളെന്ന് യുഎസ് ആരോപിക്കുന്നു. അതേവര്‍ഷം തന്നെ നടന്ന യുഎസ് മറൈൻ ബാരക്ക് ആക്രമണത്തില്‍ 241 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പിന്നിലും ഇബ്രാഹിം അഖിൽ ആണെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍.
  5. ഫുആദ് ഷുക്‌റ്:ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസൻ നസ്റള്ളയുടെ വലം കൈയ്യായിരുന്നു ഫുആദ് ഷുക്‌റ്. ലെബനന്‍റെ തലസ്ഥാനമായ ബെയ്റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഫുആദ് ഷുക്‌റ് കൊല്ലപ്പെടുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് ഹിസ്‌ബുള്ള സ്ഥാപിച്ചത് മുതല്‍ ഹിസ്ബുള്ളയുടെ മുൻനിര സൈനികരിൽ ഒരാളാണ് ഷുക്‌റ്. 1983-ൽ ബെയ്റൂത്തിലെ യുഎസ് മറൈൻ ബാരക്കുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2015-ൽ അമേരിക്ക ഷുക്റിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
  6. മുഹമ്മദ് നാസർ: ഹിസ്ബുള്ളയുടെ സീനിയർ കമാൻഡറായിരുന്നു നാസർ. ഇസ്രയേൽ വ്യോമാക്രമണത്തിൽ സെപ്‌തംബര്‍ മൂന്നിന് ആണ് മുഹമ്മദ് നാസർ കൊല്ലപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നടക്കുന്ന ആക്രമണങ്ങള്‍ നിയന്ത്രിച്ചിരുന്നത് നാസര്‍ ആണെന്ന് ഇസ്രയേല്‍ പറയുന്നു.
  7. താലിബ് അബ്‌ദല്ല: മുതിർന്ന ഹിസ്ബുല്ല ഫീൽഡ് കമാൻഡറായിരുന്നു താലിബ് അബ്‌ദല്ല. തെക്കൻ ലെബനനിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റര്‍ താലിബാണെന്ന് ഇസ്രയേല്‍ പറയുന്നു. ജൂണ്‍ 12 ന് ആണ് താലിബ് അബ്‌ദല്ല കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നാലെ ഇസ്രയേല്‍ അതിര്‍ത്തിയിേലക്ക് ഹിസ്‌ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.
  8. ഹുസൈൻ മക്കി:ഹിസ്ബുള്ളയുടെ സതേൺ ഫ്രണ്ട് യൂണിറ്റിലെ സീനിയർ കമാൻഡറായിരുന്നു ഹുസൈൻ മക്കി. മെയ് 15-ന് ടയ്റിന് സമീപം ഇസ്രയേൽ ഡ്രോൺ ആക്രമണത്തിലാണ് മക്കി കൊല്ലപ്പെടുന്നത്. മക്കി മുമ്പ് ഹിസ്ബുള്ളയുടെ തീരപ്രദേശത്തെ നിയന്ത്രിച്ച് ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.
  9. ഇസ്‌മയിൽ അൽ സിൻ: ഹിസ്ബുള്ളയുടെ റാദ്‌വാൻ യൂണിറ്റിന്‍റെ ടാങ്ക് വേധ ആന്‍റി- മിസൈലിന്‍റെ സീനിയർ കമാൻഡറായിരുന്നു ഇസ്‌മയിൽ അൽ സിൻ. മാര്‍ച്ച് 31ന് കൌനൈൻ ഗ്രാമത്തിൽ വെച്ചാണ് ഇസ്രയേൽ ആക്രമണത്തില്‍ അല്‍ സിന്‍ കൊല്ലപ്പെടുന്നത്.
  10. അലി ആബിദ് അഖ്‌സൻ നയീം: ഹിസ്ബുള്ള റോക്കറ്റ് ആന്‍ഡ് മിസൈൽ യൂണിറ്റിന്‍റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു അലി ആബിദ്. മാര്‍ച്ച് 29ന് ബസൗറിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
  11. അലി ഹുസൈൻ ബുർജി: തെക്കൻ ലെബനനിലെ ഹിസ്ബുള്ള ഏരിയൽ ഫോഴ്‌സ് കമാൻഡർ. ജനുവരി 9 ന് ഖിർബെറ്റ് സെൽം പട്ടണത്തിന് സമീപം ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  12. വിസാം ഹസ്സൻ അൽ തവീൽ: ഹിസ്ബുള്ളയുടെ റദ്‌വാൻ യൂണിറ്റിലെ സീനിയർ കമാൻഡറായിരുന്നു വിസാം ഹസ്സൻ അൽ തവീൽ. 2024 ജനുവരി 8ന് മജ്‌ദൽ സെൽം ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
  13. ഇമാദ് മുഗ്നിയെ: ഹിസ്ബുള്ളയുടെ അന്നത്തെ സൈനിക മേധാവി ഇമാദ് മുഗ്നിയയെ 2008ല്‍ ഇസ്രയേല്‍ വധിച്ചു. മൊസാദും സിഐഎയും സംയുക്തമായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഡമാസ്‌കസിൽ ഒരു കാർ ബോംബ് സ്‌ഫോടനത്തിലാണ് ഇമാദ് മുഗ്നിയെ വധിക്കുന്നത്.
  14. അബ്ബാസ് അൽ മുസാവി: 1992-ല്‍ ആണ് മുസാവി കൊല്ലപ്പെടുന്നത്. ഹിസ്ബുല്ല സെക്രട്ടറി ജനറലായിരുന്നു. ദക്ഷിണ ലെബനനിലേക്ക് സഞ്ചരിക്കവേ ഇസ്രയേലിന്‍റെ ഐഡിഎഫ് ഹെലികോപ്റ്ററുകൾ മുസാവിയുടെ വാഹന വ്യൂഹത്തിന് നേരെ മിസൈൽ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ മുസാവിയും ഭാര്യയും മകനുമുൾപ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. 1991 മുതൽ കൊല്ലപ്പെടുന്നത് വരെ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്നു മുസാവി.

Also Read:ഹിസ്‌ബുള്ള കമാന്‍ഡര്‍ മുഹമ്മദ് അലി ഇസ്‌മയിലിനെയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായിയേയും കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍

ABOUT THE AUTHOR

...view details