തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് മദ്യ നിര്‍മ്മാണ കമ്പനിക്ക് പ്രാരംഭ അനുമതി നല്‍കി നികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്‍റെ പൂര്‍ണമായ വിശദാംശങ്ങള്‍ പുറത്തു വന്നു. ഇത് സംബന്ധിച്ച് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു.
കഞ്ചിക്കോട്ട് മദ്യ നിര്‍മ്മാണ ഫാക്‌ടറി സ്ഥാപിക്കുന്നതിന് അനുമതി തേടി മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനി കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെ സമീപിച്ചതോടെയാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാണ്. മദ്യ കമ്പനി ആരംഭിക്കുന്നതിനുള്ള അപേക്ഷ ലഭിച്ച ഉടന്‍ തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് തേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതനുസരിച്ച് 2024 ഫെബ്രുവരി 6ന് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ചു കൊണ്ടാണ് ഒയാസിസ് കമ്പനിക്ക് സര്‍ക്കാര്‍ 2025 ജനുവരി 16ന് പ്രാരംഭ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചത്.
600 കോടി രൂപ മുടക്കുമുതലില്‍ നാല് ഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാന്‍റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്‌പിരിറ്റ് പ്ലാന്‍റ്, ബ്രാണ്ടി - വൈനറി പ്ലാന്‍റ് എന്നിവയുള്‍പ്പെട്ട സംയോജിത മദ്യ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് അനുമതി.
ഒന്നാം ഘട്ടം
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബോട്ടിലിങ് യൂണിറ്റില്‍ മൂന്ന് ഓട്ടോമേറ്റിക്, മൂന്ന് സെമി ഓട്ടോമേറ്റിക് ലൈനുകള്‍ ഉണ്ടായിരിക്കും. ഇതിന് ആകെ 8 ലക്ഷം ബ്ലെന്‍ഡിങ് ശേഷിയും 16 ലക്ഷം എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ നിര്‍മ്മിക്കുന്നതിനും ശേഷിയുണ്ടായിരിക്കും. മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്‌പിരിറ്റിനെയാണ് എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ എന്നു വിളിക്കുന്നത്.
രണ്ടാം ഘട്ടം
പ്രതിദിനം 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍, എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ നിര്‍മ്മാണ യൂണിറ്റ്.
മൂന്നാം ഘട്ടം
പ്രതിദിനം മൂന്ന് കിലോ ലിറ്റര്‍ മാള്‍ട്ട് സ്‌പിരിറ്റ് - ബ്രാണ്ടി - വൈനറി പ്ലാന്‍റ്
നാലാംഘട്ടം
1 ദശലക്ഷം ശേഷിയുള്ള ബ്രൂവറി
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഫാക്‌ടറിക്കായി തിരഞ്ഞെടുത്തിട്ടുള്ളതെങ്കിലും പ്രോജക്‌ടിന് ആവശ്യമായ ജലം വാട്ടര്‍ അതോറിട്ടി നല്‍കുമെന്ന് എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഉത്തവിലുണ്ട്.
പുറമേ മഴവെള്ള സംഭരണത്തിലൂടെ ആവശ്യമായ ജലം ശേഖരിക്കാനുള്ള പദ്ധതിയും പ്രോജക്‌ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ജല ചൂഷണം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് പറയുന്നത്.
ഇത്തരം ഒരു ബഹുമുഖ പ്രോജക്‌ട് തെക്കേ ഇന്ത്യയില്‍ ആദ്യമാണെന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണ കമ്പനികള്‍ വിളിച്ച ടെന്‍ഡറില്‍ എഥനോള്‍ ഉത്പാദനത്തിന് പരിചയ സമ്പന്നരായ സംരംഭകരുടെ ലിസ്റ്റില്‍ ഒയായിസ് കമ്പനിയെ മാത്രമാണ് ചുരുക്കപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളതെന്ന് വിശേഷണവും ഉത്തരവിലുണ്ട്.
അരി, പച്ചക്കറി വേസ്റ്റ് മുതലായ അസംസ്‌കൃത വസ്‌തുക്കള്‍
ഉപയോഗ ശൂന്യമായതുള്‍പ്പെടെയുള്ള അരി, ചോളം, പച്ചക്കറ്റി വേസ്റ്റ്, മരിച്ചീനി സ്റ്റാര്‍ച്ച്, ഗോതമ്പ്, മധുരക്കിഴങ്ങ് എന്നീ കാര്‍ഷിക വിളകളാണ് അസംസ്‌കൃത വസ്‌തുക്കളെന്നും അതിനാല്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഫാക്‌ടറി സഹായകമാണെന്നുമാണ് ഉത്തരവില്‍ പറയുന്നത്. വര്‍ഷത്തില്‍ 330 ദിവസവും പ്രവര്‍ത്തിക്കാന്‍ സാധിക്കും.
കമ്പനിക്ക് അനുമതി നല്‍കിയത് 2023-24 ലെ മദ്യ നയത്തിന്‍റെ അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കുമെന്നും അതിന് തയ്യാറാകുന്ന ഡിസ്റ്റലറികള്‍ക്കും പുതിയ യൂണിറ്റുകള്‍ക്കും അനുമതി നല്‍കുമെന്നും 2023-24 ലെ മദ്യ നയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഞ്ചിക്കോട്ട് സ്വന്തമായി 24 ഏക്കര്‍ ഭൂമിയുള്ള ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇതു പോലുള്ള പ്രോജക്‌ടുകള്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തി വിജയിച്ച പരിചയ സമ്പന്നത, സാങ്കേതിക പ്രാവീണ്യം എന്നിവയാണ് കമ്പനിക്ക് അനുമതി നല്‍കുന്നതിന് ഇടയാക്കിയതെന്നും പ്രാഥമിക ഉത്തരവില്‍ പറയുന്നു.
അതേസമയം പ്രാഥമിക അനുമതി ലഭിച്ചെങ്കിലും ഇനിയും നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ മദ്യ നിര്‍മ്മാണ യൂണിറ്റ് യാഥാര്‍ത്ഥ്യമാവുകയുള്ളൂ എന്ന് എക്‌സൈസ് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
പാരിസ്ഥിതിക അനുമതി, തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ എന്‍ഒസി എന്നിവയ്ക്ക് ശേഷം മാത്രമേ നിര്‍മാണ ഘട്ടത്തിലേക്ക് കടക്കാനാവൂ. നിര്‍മ്മാണം പൂര്‍ണമായും എക്‌സൈസ് വകുപ്പ് നിര്‍ദേശിക്കുന്ന തരത്തിലായിരിക്കുകയും വേണം.
എന്നാല്‍ ഈ കമ്പനി എങ്ങനെ സര്‍ക്കാരിലേക്ക് എത്തിയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരും എക്‌സൈസ് മന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല.