ഗാസ/ ബെയ്‌റൂത്ത്: വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടയിലാണ് ഇസ്രയേൽ സൈന്യം വടക്കൻ ഗാസയിലും ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്. ആക്രമണം തുടരുമ്പോഴും ഒക്‌ടോബർ 1 മുതൽ ഇവിടേക്ക് ആവശ്യമായ ഭക്ഷ്യ സഹായം എത്തിയിട്ടില്ലെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. ഏകദേശം 40000 ത്തോളം പേർ നിലവിൽ വടക്കൻ ഗാസയിൽ ഉള്ളതായാണ് കണക്കുകള്‍.
അതേസമയം, ലെബനനിൽ യുഎൻ സമാധാന സേനയുടെ നഖൗറയിലെ ആസ്ഥാനം വീണ്ടും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു സുരക്ഷാ സേനാംഗത്തിന് വെടിയേറ്റിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. സമാധാന സേനാംഗങ്ങൾക്ക് രാജ്യം വിടാൻ മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ, മറ്റു പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
തെക്കൻ, കിഴക്കൻ ലെബനനിലെ ഒന്നിലധികം പ്രദേശങ്ങളിൽ ശനിയാഴ്‌ച (ഒക്‌ടോബർ 12) ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കു കിഴക്കൻ പ്രദേശത്തെ മൈസ്ര ഗ്രാമത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിൽ തെക്ക് ബർജയുടെ അരികിലുള്ള അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബെക്കാ താഴ്‌വരയിലെ റയാക്, താൽ ചിഹ ആശുപത്രികൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. നബാത്തിയിൽ എട്ട് പേർക്ക് പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക