ടെഹ്‌റാൻ (ഇറാൻ) : ഹമാസ് തലവന്‍ ഇസ്‌മയിൽ ഹനിയ ടെഹ്‌റാനിൽ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ ഹനിയയുടെ വസതിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍റെ അർധ സൈനിക റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇസ്രയേലാണ് ആക്രമിച്ചതെന്നാണ് ഹമാസ് ആരോപണം. അതേസമയം സംഭവത്തില്‍ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയുടെ അംഗ രക്ഷകനും കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെ സെപാഹ് വാർത്ത വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണത്തില്‍ വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.
ജൂണിൽ വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹനിയയുടെ കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പ് ഏപ്രിലിൽ നടന്ന ഇസ്രയേലി വ്യോമാക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും കൊല്ലപ്പെട്ടു.