കേരളം

kerala

ETV Bharat / international

ഗാസയിലെ ഡോക്‌ടർമാർക്ക് സ്‌റ്റെതസ്‌കോപ്പിനെക്കാൾ ആവശ്യം മൊബൈല്‍ ഫോൺ; ആശുപത്രികൾ വെളിച്ചമില്ലാതെ ഗുരുതരാവസ്ഥയില്‍ - GAZA FUEL SHORTAGES - GAZA FUEL SHORTAGES

യുദ്ധം കലുഷിതമാക്കിയ ഗാസ മുനമ്പിലെ ആശുപത്രികൾ വൈദ്യുതിയും വെളിച്ചവുമില്ലാതെ ദുരിതത്തിൽ. 10 മാസത്തിലധികമായി തുടരുന്ന യുദ്ധം മൂലം പ്രദേശത്ത് ഇന്ധനക്ഷാമം രൂക്ഷമാണ്.

HEALTHCARE IN PALESTINE  ISRAEL WAR ON GAZA  ഗാസ യുദ്ധം  GAZA HOSPITALS
A patient lies in a bed as another walks by in a corridor lit by sunlight seeping through windows, after a partial power cut at the Al-Aqsa Martyrs Hospital in Deir al-Balah on May 23, 2024, amid continuing battles between Israel and Hamas in the Gaza Strip. (AFP)

By ETV Bharat Kerala Team

Published : Aug 24, 2024, 4:33 PM IST

ബെയ്‌ത് ലാഹിയ (പലസ്‌തീൻ): വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലെ ഡോക്‌ടര്‍മാർക്ക് ഇപ്പോൾ സ്‌റ്റെതസ്‌കോപ്പുകൾ പോലെ തന്നെ പ്രധാനമാണ് തങ്ങളുടെ മൊബൈല്‍ ഫോണുകൾ. വൈദ്യുതി ഇല്ലാത്ത, ജനറേറ്ററുകൾ പോലും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഇരുട്ടത്തിരുന്ന് രോഗികളെ പരിശോധിക്കാൻ മൊബൈൽ ഫോൺ ടോർച്ചുകളെയാണ് ഡോക്‌ടർമാർ ആശ്രയിക്കുന്നത്.

10 മാസത്തിലധികമായി തുടരുന്ന യുദ്ധം മൂലം ഈ പ്രദേശത്ത് ഇന്ധനക്ഷാമം രൂക്ഷമാണ്. ഇവിടെ ഇപ്പോഴും തുറന്നിരിക്കുന്ന ആശുപത്രികളെ ഇത് കൂടുതൽ പരിമിതപ്പെടുത്തുന്നു. ഇസ്രായേൽ ആക്രമണങ്ങളും ഒഴിപ്പിക്കൽ നടപടികളും മൂലം കമാൽ അദ്‌വാൻ പോലുള്ള ആശുപത്രികളിലേക്ക് എത്തിച്ചേരുന്നതും ദുർഘടമാണ്.

കമാൽ അദ്‌വാൻ ആശുപത്രിയിലെ ചികിത്സകൾ മിക്കവാറും ഇരുട്ടത്ത് തന്നെയാണെന്നാണ് ഇവിടെ ചികിത്സയിൽ കഴിയുന്ന അയ്‌മാൻ സഖൗത്ത് എന്നയാൾ AFPTV യോട് നടത്തിയ വെളിപ്പെടുത്തൽ. 'വൈദ്യുതി ഇല്ലാത്ത സാഹചര്യത്തില്‍ അവർക്ക് എങ്ങനെ ചികിത്സിക്കാൻ കഴിയുമെന്ന് തനിക്കറിയില്ല' എന്നാണ് അയ്‌മാൻ സഖൗത്ത് പറഞ്ഞത്. വൃക്കസംബന്ധമായ അസുഖവുമായാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. സഖൗത്ത് എത്തി അധികം താമസിയാതെ ആശുപത്രി പുതിയ രോഗികളെ എടുക്കുന്നത് നിർത്തുകയും ചെയ്‌തു.

അന്താരാഷ്‌ട്ര സംഘടനകൾ ഇപ്പോൾ ആശുപത്രി ജനറേറ്ററുകൾക്ക് ആവശ്യമായ ഇന്ധനം ഇനി വിതരണം ചെയ്യുന്നില്ലെന്നാണ് ആശുപത്രിയിലെ ഡോക്‌ടർ മഹ്മൂദ് അബു അംഷ വെളിപ്പെടുത്തിയത്. ഇന്ധനക്ഷാമം ഉടൻ തന്നെ മാരകമാകുമെന്നും അബു അംഷ പറഞ്ഞു. ഇൻകുബേറ്ററിലുള്ള കുട്ടികൾ ഹൃദയസ്‌തംഭനം മൂലം മരിക്കാന്‍ സാധ്യതയുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ഏഴ് കേസുകൾ ഉണ്ട്. ഇന്ധനക്ഷാമം മൂലം അവർ മരിച്ചേക്കുമെന്നും ഡോക്‌ടർ പറഞ്ഞു.

രോഗികൾ 'അപകടത്തിൽ'

ഗാസയില്‍ 16 ആശുപത്രികൾ മാത്രമേ ഇപ്പോഴും പ്രവർത്തിക്കുന്നുള്ളൂ. ഭാഗികമായാണ് അവയുടെയെല്ലാം പ്രവര്‍ത്തനം. യുദ്ധത്തിൻ്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഗാസയിലെ ഏക വൈദ്യുത നിലയം പ്രവർത്തനം നിർത്തി. ഇസ്രയേൽ നല്‍കിവന്ന വൈദ്യുതി വിതരണവും വിച്‌ഛേദിക്കപ്പെട്ടു. ഇസ്രായേൽ നിയന്ത്രിത ചെക്ക്‌പോസ്‌റ്റുകളിലൂടെ മറ്റ് മാനുഷിക സഹായങ്ങൾക്കൊപ്പമാണ് ആശുപത്രികളിലേക്കടക്കമുള്ള ഇന്ധനവും എത്തിയിരുന്നത്.

അടിയന്തിര ഘട്ടത്തില്‍ സോളാര്‍ ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവര്‍ത്തിപ്പിക്കാന്‍ കമൽ അദ്വാൻ ആശുപത്രിയില്‍ സൗകര്യമുണ്ട്. എന്നാൽ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട വൈദ്യുത ഉപകരണങ്ങൾ ആവശ്യമുള്ള രോഗികൾക്ക് ഇത് ഉപയോഗപ്പെടില്ലെന്ന് ഡോ. അബു അംഷ പറഞ്ഞു. ഇന്ധനമില്ലാത്തത് ആംബുലൻസ് പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.

വടക്കൻ ഗാസയിലെ അൽ-അവ്ദ ആശുപത്രിയും വൈദ്യുതി ഇല്ലാതെ ഉഴലുകയാണ്. ജനറേറ്ററുകൾ പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടെ ഇന്ധനമില്ല. ഇന്ധന വിതരണത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ആശുപത്രിയുടെ ആക്‌ടിങ് ഡയറക്‌ടർ മുഹമ്മദ് സൽഹ എഎഫ്‌പിയോട് പറഞ്ഞു. ഏതാനും ദിവസം മുമ്പ് തങ്ങൾ ചില സേവനങ്ങൾ നിര്‍ത്തി, ശസ്‌ത്രക്രിയകൾ മാറ്റിവച്ചു. ഇത് രോഗികളെയും പരിക്കേറ്റവരെയും അപകടത്തിലാക്കുന്നതായും മുഹമ്മദ് സൽഹ പറഞ്ഞു.

Also Read:

  1. ഗാസയിൽ മരണം 40,000 കടന്നു; വെടിനിർത്താൻ ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷൻ
  2. 'അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച അവള്‍ മറ്റൊന്നും കുടിക്കുന്നില്ല'; ഇസ്രയേല്‍ നര നായാട്ടില്‍ ബാക്കിയാകുന്ന പാതി ജീവനുകള്‍
  3. ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അമേരിക്കന്‍ സംഘടനയുമായി സഹകരിച്ച് യുഎഇ; പരിക്കേറ്റവര്‍ക്ക് കൃത്രിമ അവയവങ്ങള്‍
  4. അശാന്തിയൊഴിയാതെ ഗാസ മുനമ്പ്; ഇസ്രായേല്‍ റെയ്‌ഡിലെ നരക യാതനകള്‍ വിവരിച്ച് പലസ്‌തീനികള്‍
  5. പാരച്യൂട്ട് പ്രവർത്തിച്ചില്ല; വിമാനത്തിൽ നിന്ന് താഴേക്കിട്ട സഹായ പെട്ടികൾ വീണ് ഗാസയിൽ 5 മരണം

ABOUT THE AUTHOR

...view details