ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ജയില്‍മോചനം അസാധ്യമായി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇമ്രാനെ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കം വീണ്ടും അറസ്റ്റ് ചെയ്‌തു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഖാന്‍ വീണ്ടും അറസ്റ്റിലായത്.
വിലയേറിയ ബള്‍ഗരി ആഭരണങ്ങള്‍ ചെറിയ തുകയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ രാത്രി ഏറെ വൈകി റാവല്‍പിണ്ടി പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ന്യൂ ടൗണ്‍ പൊലീസ് ഇദ്ദേഹത്തിനെതിരെ ഭീകരതയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.
റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ കഴിയവെ ഇമ്രാന്‍ഖാന്‍ സെപ്റ്റംബര്‍ 28ന് പ്രതിഷേധാഹ്വാനം നടത്തിയെന്നാണ് പുതിയ കുറ്റം. ഇമ്രാന് മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചതായി ഡാണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‌തു. ഭീകര വിരുദ്ധ നിയമലംഘനം, പൊതുജനക്കൂട്ടം നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കല്‍, പൊലീസിന്‍റെ കര്‍ത്തവ്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, പൊതുസുരക്ഷയ്ക്ക് അപകടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇമ്രാന് മേല്‍ ചുമത്തിയിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഔദ്യോഗികമായി ഇമ്രാനെ അറസ്റ്റ് ചെയ്യും മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്ത തരാര്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. 2023 മെയ് ഒന്‍പതിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഒന്‍പതുകേസുകളില്‍ ഖാന്‍ വിചാരണ നേരിടേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍മോചനം സാധ്യമാകൂ എന്ന സൂചനയും അദ്ദേഹം നല്‍കി. ലാഹോര്‍, റാവല്‍പിണ്ടി, ഇസ്ലമാബാദ് തുടങ്ങിയ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള രണ്ട് ഡസനോളം കേസുകളില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഖാന് ജയില്‍മോചനം സാധ്യമാകൂ എന്നാണ് ഡാണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖാനെതിരെ 62 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പൊലീസ് പറയുന്നു. പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ഖാനെതിരെ 54 കേസുകളുണ്ടെന്നാണ് പാകിസ്ഥാന്‍ തെഹ്‌ര്ക് ഇ പാര്‍ട്ടി വ്യക്തമാക്കുന്നത്.
ഇമ്രാനും ഭാര്യ ബുഷ്‌റ ബീവിക്കും നല്‍കിയിട്ടുള്ള ചോദ്യാവലികളോട് ഇരുവരും പ്രതികരിച്ചിട്ടില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം ഖാന് ജാമ്യം തേടി സഹോദരി നുറീന്‍ നിയാസി സമര്‍പ്പിച്ച ഹര്‍ജി ലാഹോര്‍ കോടതി തള്ളി. പഞ്ചാബ്-ഇസ്ലാമാബാദ് കോടതികളിലുള്ള കേസുകളിലാണ് നുറിന്‍ ജാമ്യം തേടിയത്.
ഇസ്ലാമാബാദ് പൊലീസ് ഖാനെതിരെ 62 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് ഫാറൂഖ് ഹൈദര്‍ ഹര്‍ജി തള്ളിയത്. ജാമ്യാപേക്ഷകള്‍ പ്രതി തന്നെ സമര്‍പ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2022 ഏപ്രിലില്‍ അധികാരം നഷ്‌ടമായതിന് പിന്നാലെ ഖാനെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഈ കേസുകളെല്ലാം തന്നെ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്‍റെ കക്ഷിയുടെ വാദം.
Also Read:തുടർക്കഥയാകുന്ന ഭീകരാക്രമണങ്ങൾ; എസ്‌സിഒ ഉച്ചകോടിക്ക് വേദിയാകുമ്പോൾ ആശങ്കയിൽ പാകിസ്ഥാന്‍