വാഷിങ്‌ടണ്‍ : പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ക്യാപിറ്റോള്‍ വണ്‍ അരീനയില്‍ ആയിരങ്ങളെ സാക്ഷിയാക്കി ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് നടപടികളില്‍ ഒന്നാണിത്. 2015ലെ പാരിസ് ഉടമ്പടിയ്‌ക്കെതിരെ 2017ലാണ് ട്രംപ് ഭരണകൂടം നീക്കം നടത്തിയത്. എന്നാല്‍ ട്രംപിന്‍റെ പിന്‍ഗാമിയായി എത്തിയ ജോ ബൈഡന്‍ 2021ല്‍ തന്‍റ ആദ്യദിനത്തില്‍ തന്നെ ട്രംപിന്‍റെ നടപടി റദ്ദാക്കുകയായിരുന്നു.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഒരു അന്താരാഷ്‌ട്ര കരാറാണ് പാരിസ് ഉടമ്പടി. ഈ ഉടമ്പടി പ്രകാരം, ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും മാതൃകാപരമായി 1.5 ഡിഗ്രിയില്‍ താഴെയും നിലനിര്‍ത്താന്‍ ഏകദേശം 200 രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി ഓരോ രാജ്യങ്ങളും പദ്ധതി വികസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഉടമ്പടി നിയമപരമായി ബന്ധിപ്പിക്കുന്ന ഒന്നല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറാനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചതായാണ് വിവരം. കൊവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രതിസന്ധികളെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്‌തുവെന്നാണ് ട്രംപ് ഉത്തരവില്‍ പറയുന്നത്.
കൂടാതെ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ക്രിമിനല്‍ സംഘടങ്ങളെ തീവ്രവാദ സംഘടനകളായും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും ട്രംപ് ഒപ്പുവച്ചിട്ടുണ്ട്.