വാഷിങ്‌ടണ്‍ :നാലാണ്ടുകള്‍ക്കു മുന്‍പ് ക്യാപിറ്റോളിന്‍റെ പടിയിറങ്ങിയ ട്രംപ് വീണ്ടും എത്തുകയാണ്, തന്‍റെ രണ്ടാം ഇന്നിങ്‌സിനായി. 1985ന് ശേഷം ആദ്യമായി ക്യാപിറ്റോള്‍ മന്ദിരത്തിനകത്തുവച്ച് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങ്. ട്രംപിന്‍റെ രണ്ടാം വരവ് ആഘോഷമാക്കാന്‍ വാഷിങ്‌ടണും ഒരുങ്ങിക്കഴിഞ്ഞു.
47-ാമത് അമേരിക്കന്‍ പ്രസിഡന്‍റായാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.30ന് വാഷിങ്‌ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലാണ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട രാഷ്‌ട്ര തലവന്‍മാര്‍ അടക്കുള്ള അതിഥികള്‍ ഇതിനോടകം തന്നെ വാഷിങ്‌ടണില്‍ എത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയിലെ അതിശൈത്യം കണക്കിലെടുത്താണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് ഉള്ളിലാക്കിയത്. ക്യാപിറ്റോളിലെ റോട്ടണ്‍ഡ ഹാളിലായിരിക്കും ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞയ്‌ക്ക് ശേഷമുള്ള പരേഡ് ക്യാപിറ്റോള്‍ വണ്‍ അറീനയില്‍ നടക്കും.
ട്രംപിന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ സത്യപ്രതിജ്ഞ ചടങ്ങില്‍ മോദി പങ്കെടുത്തേക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിനെത്തും.
മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാരായ ജോ ബൈഡന്‍, ബില്‍ ക്ലിന്‍റണ്‍, ജോര്‍ജ് ബുഷ്, ബറാക് ഒബാമ തുടങ്ങിയവരും കമല ഹാരിസ്, ഹിലരി ക്ലിന്‍റണ്‍, ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്, മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കുക്, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്‌മാന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
Also Read: തിരിച്ച് വരവിനൊരുങ്ങി ടിക് ടോക്: ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് കമ്പനി, ആപ്പിൻ്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്‌ക്ക്