വാഷിങ്ടൺ: ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയും വ്യവസായ പ്രമുഖനുമായ ഇലോൺ മസ്‌കിന് തന്‍റെ സര്‍ക്കാറില്‍ സുപ്രധാന ചുമതല നല്‍കി അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ വംശജനായ വ്യവസായി വിവേക് രാമസ്വാമിയ്‌ക്കൊപ്പം 'സർക്കാർ കാര്യക്ഷമത' വകുപ്പിന്‍റെ ചുമതലയാണ് ഇലോൺ മസ്‌കിന് നല്‍കിയിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സർക്കാരിന്‍റെ ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് പ്രസ്‌തുത തീരുമാനം. "ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും ചേര്‍ന്ന് ഉദ്യോഗസ്ഥാധിപത്യം തകർക്കാനും അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കാനും പാഴ് ചെലവുകൾ ഇല്ലാതാക്കാനും ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കാനും തന്‍റെ സര്‍ക്കാറിനെ സഹായിക്കും. ഇത് 'സേവ് അമേരിക്ക' മൂവ്‍മെൻ്റിന് അത്യന്താപേക്ഷിതമാണ്"- ട്രംപ് പ്രസ്‌താവനയില്‍ പറഞ്ഞു.
നിര്‍ണായക സ്‌റ്റേറ്റായിരുന്ന പെൻസിൽവാനിയയിൽ ഉൾപ്പെടെ ട്രംപിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇലോൺ മസ്‌ക് ഇറങ്ങിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെ വിജയിപ്പിക്കാൻ 100 മില്യണിലധികം ഡോളർ മസ്‌ക് ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. തന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും മസ്‌ക് ട്രംപിനെ പിന്തുണച്ചു.