കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടക്കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അരലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കൊൽക്കത്ത സിയാൽദാ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിലെ ജഡ്‌ജി അനിർബൻ ദാസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇന്നും കോടതി വാദം കേട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന വാദം കോടതി തള്ളി. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുത്. പെണ്‍കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്‌റ്റേറ്റിനാണ്. 17 ലക്ഷം രൂപ സർക്കാർ നഷ്‌ടപരിഹാരമായി നൽകണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നഷ്‌ടപരിഹാരത്തുക വേണ്ടെന്ന് ഡോക്‌ടറുടെ കുടുംബം അറിയിച്ചു.
തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് പ്രതിയായ സഞ്ജയ് റോയ് കോടതിയില്‍ വാദിച്ചിരുന്നു. 'എന്നെ കള്ളക്കേസിൽ കുടുക്കുകയാണ് ചെയ്‌തത്, ഞാൻ ഒരു കുറ്റവും ചെയ്‌തിട്ടില്ല. എന്നിട്ടും എന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തി' കേസിൽ ശിക്ഷ വിധിക്കുന്നതിന് മുമ്പ് റോയ് കോടതിയില്‍ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64, 66, 103(1) എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ നിലനിൽക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസിന്‍റെ വിചാരണയ്ക്കിടെ സിബിഐ അഭിഭാഷകൻ കുറ്റവാളിക്ക് ഏറ്റവും ഉയർന്ന ശിക്ഷ നൽകണമെന്ന് വാദിച്ചു. കുറ്റകൃത്യത്തെ 'അപൂർവങ്ങളിൽ അപൂർവം' എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. അതേസമയം, കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടെന്നും സിബിഐ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയില്ലെന്നും മരിച്ച ഡോക്‌റുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.
പ്രതി സഞ്ജയ് റോയ്‌ക്ക് വധശിക്ഷ നല്‍കണമെന്നും മാതാപിതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9-നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആർ ജി കർ മെഡിക്കല്‍ കോളജില്‍ 31-കാരിയായ ജൂനിയർ ഡോക്‌ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്‌ടറുടെ മൃതദേഹം അര്‍ധ നഗ്‌നയായ നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.
Also Read:പാറശാല ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്‌മക്ക് തൂക്കുകയർ