ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൈനയെ വെല്ലുവിളിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. തങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ സൈന്യമുണ്ടെന്ന് പറഞ്ഞ ട്രംപ് ചൈനയെ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി.
ഞായറാഴ്‌ച ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്‍റ് ജോ ബൈഡന്‍റെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെയും കീഴിൽ യുഎസിനോടുള്ള ബഹുമാനം ദുർബലപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ചൈനയുമായി ഒരു യുദ്ധം ആരംഭിച്ചാല്‍ ഞങ്ങൾക്ക് വിജയിക്കാനാവില്ലെന്നാണ് അവർ പുറത്തിറക്കിയ റിപ്പോർട്ട്. ഞങ്ങൾ വേണ്ടത്ര ശക്തരല്ലത്രേ... ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ഞങ്ങൾക്കുള്ളത്. നിങ്ങൾ അത്തരം റിപ്പോർട്ടുകൾ പുറത്തുവിടുന്നത് ശരിയല്ല. ഞങ്ങൾ അവരെ തകര്‍ത്തുകളയും'- ട്രംപ് പറഞ്ഞു.
അതേസമയം ഏത് റിപ്പോർട്ടാണ് താൻ പരാമർശിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ദേശീയ പ്രതിരോധ തന്ത്രത്തെക്കുറിച്ചുള്ള കമ്മീഷൻ ഈ വർഷം ആദ്യം ഒരു റിപ്പോർട്ട് നൽകിയിരുന്നു. അതില്‍, യുഎസ് സൈന്യത്തിന് യുദ്ധത്തിൽ പ്രതിരോധിക്കാനും ജയിക്കാനും കഴിയുമെന്ന ആത്മവിശ്വാസവും കഴിവുകളും ശേഷിയും ഇല്ലെന്നാണ് കമ്മീഷൻ പറയുന്നത്. കൂടാതെ പല തരത്തിലും ചൈന അമേരിക്കയെ മറികടക്കുകയും ചെയ്‌തതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
ബൈഡനും ഹാരിസും ചേർന്ന് മൂല്യച്യുതി വരുത്തിയ അമേരിക്കയുടെ മഹത്വം താൻ വീണ്ടെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. നമ്മൾ ജയിച്ചാൽ നമ്മുടെ ശത്രുക്കൾ ചിരിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു. താൻ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് 2016 ലെ ഡെമോക്രാറ്റിക് പാർട്ടി എതിരാളിയായിരുന്ന ഹിലരി ക്ലിന്‍റണ്‍ പറഞ്ഞിരുന്നു. എന്നാൽ 82 വർഷത്തിനിടെ, ഒരു വിദേശ സൈനിക ഇടപെടൽ പോലും നടത്താത്ത ആദ്യത്തെ പ്രസിഡന്‍റായിരുന്നു താൻ.
താന്‍ പ്രസിഡന്‍റായിരുന്നെങ്കിൽ റഷ്യ യുക്രെയിനിനെയോ ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതിനിടെ, ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ നീലച്ചിത്ര താരത്തിന് പണം നൽകിയ കേസില്‍ അടുത്ത മാസം ട്രംപ് ശിക്ഷാവിധി നേരിടേണ്ടിവരും.
Also Read:യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; അന്തിമ ജനകീയ വോട്ടെടുപ്പിൽ ഇരു സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പം